മുട്ടിക്കടവ് വിത്തു കൃഷിത്തോട്ടത്തിൽ കർഷകമേള നടത്തി
1262014
Wednesday, January 25, 2023 12:34 AM IST
നിലന്പൂർ: ഭാരതീയ പ്രകൃതി കൃഷിയുടെ ഭാഗമായി നാട്ടുപൊലിമ എന്ന പേരിൽ മുട്ടിക്കടവ് ജില്ലാ വിത്തു കൃഷിത്തോട്ടത്തിൽ കർഷക മേള നടത്തി. എല്ലാ ബ്ലോക്കിനു കീഴിലും കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന മേളയുടെ ഭാഗമായിത്തന്നെയാണ് മുട്ടിക്കടവിലും മേള നടത്തിയത്.
നിലന്പൂർ ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സൂസമ്മ മത്തായി, വാളപ്ര റഷീദ്, മറിയാമ്മ ജോർജ്, അസിസ്റ്റന്റ് കൃഷി ഡയറക്ടർ ബി. ഇന്ദു, മുട്ടിക്കടവ് വിത്തു കൃഷിത്തോട്ടം സൂപ്രണ്ട് ബെന്നി സെബാസ്റ്റ്യൻ, ബിഡിഒ സന്തോഷ്, വിവിധ കൃഷി ഓഫീസർമാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടത്തിയ കാർഷിക സെമിനാറിൽ ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിലെ ജുബൈർ ക്ലാസെടുത്തു.
നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ആറു ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള കർഷകരും നിലന്പൂർ നഗരസഭാ പരിധിയിലെ കർഷകരും ഉൾപ്പെടുന്ന ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ വിവിധ ജൈവ കൃഷി ഉത്പ്പന്നങ്ങൾ പ്രദർശനത്തിനും വിൽപ്പനക്കുമുണ്ടായിരുന്നു. മേളക്ക് വലിയ ജനപങ്കാളിത്തമുണ്ടായതായും മികച്ച വിൽപ്പന ലഭിച്ചതായും എഡിഎ ബി. ഇന്ദു പറഞ്ഞു.
നാഗമിർച്ചി മുളക്, കിളിച്ചുണ്ടൻ മുളക്, ചോക്ലേറ്റ് മുളക്, മുന്തിരി മുളക്, കറുത്ത മുളക്, ചുവന്ന മുളക്, മഞ്ഞ മുളക്, മത്തൻ മുളക് തുടങ്ങി മുളകിന്റെ വിവിധയിനങ്ങൾ, കോഴിക്കാലൻ ഇഞ്ചി, മാങ്ങാ ഇഞ്ചി, മല ഇഞ്ചി, മഞ്ഞ ഇഞ്ചി തുടങ്ങി ഇഞ്ചികളുടെ വകഭേദങ്ങൾ, സുന്ദരി ചീര, പാൽ ചീര, മയിൽപ്പീലി ചീര, പട്ട് ചീര, ബീറ്റ്റൂട്ട് ചീര തുടങ്ങി വിവിധ ചീരയിനങ്ങൾ, ബിലാത്തി കൂവ, മഞ്ഞ കൂവ, ചണ കൂവ തുടങ്ങി ഒൗഷധ മൂല്യമുള്ള കൂവയുടെ വിവിധയിനങ്ങൾ, പ്രമേഹ രഹിത കപ്പ, ഏത്തക്ക കപ്പ, സ്പെയിൻ മരിയ കപ്പ തുടങ്ങിയ മരച്ചീന്ികളും വിൽപ്പനക്കും പ്രദർശനത്തിനുമായി തയാറാക്കിയിരുന്നു. വിവിധ പഞ്ചായത്തുകളുടെ സ്റ്റാളുകളാണ് വിൽപ്പനക്കുണ്ടായിരുന്നത്. പരന്പരാഗത കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.