നാടെങ്ങും അന്താരാഷ്ട്ര യോഗ ദിനാചരണം
1569327
Sunday, June 22, 2025 5:33 AM IST
പെരിന്തൽമണ്ണ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നാടെങ്ങും പരിശീലനം സംഘടിപ്പിച്ചു. പെരിന്തൽമണ്ണ നഗരസഭയിൽ യോഗപ്രദർശനവും പരിശീലനവും നഗരസഭ കോണ്‍ഫറൻസ് ഹാളിൽ നടത്തി. ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. യോഗ ട്രെയിനർമാരായ പി.എം.സുരേഷ്കുമാർ, കിഴക്കേതിൽ മുഹമ്മദ് യൂനസ്, ഷംസുദീൻ, ക്യാപ്റ്റൻ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ അഡ്വ. ഷാൻസി, നെച്ചിയിൽ മൻസൂർ, കൗണ്‍സിലർ സാറ സലിം, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി. രാജീവൻ, ഫൈസൽ, ഡോ.കൊച്ചു എസ്. മണി, ഡോ.ഷാജി, ഡോ.ഷീബ കൃഷ്ണദാസ്, ഫാ. വിക്ടർ, കെ.ആർ.രവി, ഇഎംഎസ് നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പൂജ മേനോൻ, പരിസ്ഥിതി പ്രവർത്തക കൂട്ടായ്മ, ഓയിസ്ക ഇന്റർനാഷണൽ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, ഡോ. കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണ സബ് ജയിലിൽ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി മഞ്ചേരിയുടെയും പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു.
ജയിൽ സൂപ്രണ്ട് മുഹമ്മദ് ഹുസൈൻ ഉദ്ഘാടനം ചെയ്തു. യോഗ ട്രെയിനറും യോഗയുടെ സ്റ്റേറ്റ് റിസോഴ്സ് സെന്റർ മലപ്പുറം സെക്രട്ടറിയുമായ സി. സുനിൽകുമാർ നേതൃത്വം നൽകി. പാരാലീഗൽ വോളണ്ടിയർ അബൂബക്കർ, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി എന്നിവർ പങ്കെടുത്തു. 20 അന്തേവാസികൾ പരിശീലനത്തിൽ പങ്കെടുത്തു.
ശ്രീവള്ളുവനാട് വിദ്യാഭവനിൽ അന്താരാഷ്ട്ര യോഗ ദിനവും സംഗീത ദിനവും ആചരിച്ചു. പ്രിൻസിപ്പൽ ഹരിദാസ് ഉദ്ഘാടനം ചെയ്തു. എൻ.മഞ്ജുള അധ്യക്ഷത വഹിച്ചു. യോഗാചാര്യനായ സി.ഹരികുമാർ പരിശീലനത്തിന് നേതൃത്വം നൽകി.
സംഗീതവും നൃത്തവും യോഗയും ഒരുമിച്ചുള്ള പരിപാടിയാണ് ചിട്ടപ്പെടുത്തിയിരുന്നത്. സംഗീതാധ്യാപികയായ പി.ആർ. ദിവ്യ, ദിവ്യ വിപിൻ, വിനീഷ് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി പത്ത് ദിവസത്തെ സൗജന്യ യോഗ പരിശീലനം ആരംഭിച്ചു.
ജഡ്ജിയുടെ യോഗഭ്യാസം ശ്രദ്ധേയമായി
മഞ്ചേരി: യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് നടത്തിയ പ്രഭാഷണവും ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജിയുടെ യോഗഭ്യാസ പ്രകടനവും ശ്രദ്ധേയമായി. ജില്ലാ നിയമ സേവന അഥോറിറ്റി ജില്ലാ കോടതിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗദിനാചരണ ചടങ്ങിലായിരുന്നു ജഡ്ജിയുടെ പ്രകടനം.
സ്പെഷൽ കോടതി ജഡ്ജി എ.എം. അഷ്റഫാണ് യോഗാഭ്യാസം ചെയ്തത്. യോഗാചാര്യൻ ഡോ. സി.വി. സത്യനാഥൻ പ്രഭാഷണം നടത്തി. അഡീഷണൽ ജഡ്ജ് എം. തുഷാർ ഉദ്ഘാടനം ചെയ്തു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി.ബി. ഫസീല അധ്യക്ഷത വഹിച്ചു.
തൊണ്ണൂറ്റിയൊന്നാം വയസിലും യോഗ പരിശീലിക്കുന്ന അഡ്വ. കെ. രാമകൃഷ്ണൻനായരെ ചടങ്ങിൽ പൊന്നാടയിട്ട് ആദരിച്ചു. ജഡ്ജ് എ.എം. അഷ്റഫ്, അഡ്വ. രാധാകൃഷ്ണൻ നായർ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം. ഉമ്മർ, സെക്ഷൻ ഓഫീസർ വി.ജി. അനിത, ഏറനാട് താലൂക്ക് ലീഗൽ സർവീസസ് സെക്രട്ടറി എം.പി. ആയിഷ എന്നിവർ പ്രസംഗിച്ചു.