രക്തസമ്മർദ്ദം കുറയ്ക്കാൻ പുതിയ ചികിത്സാ പദ്ധതി
1569335
Sunday, June 22, 2025 5:33 AM IST
മലപ്പുറം: രക്തസമ്മർദ്ദ ചികിത്സയ്ക്ക് ജില്ലയിൽ പുതിയ ആരോഗ്യ പരിപാടി. ദേശീയ പകർച്ചേതര രോഗനിയന്ത്രണ പരിപാടിയുടെ ഇന്ത്യ ഹൈപ്പർ ടെൻഷൻ കണ്ട്രോൾ ഇനിഷ്യേറ്റീവ് മാർഗ നിർദേശമനുസരിച്ചാണ് ചികിത്സാ പദ്ധതി നടപ്പാക്കുന്നത്.
ഇതനുസരിച്ച് ചികിത്സ തേടുന്ന രോഗിയെ രജിസ്റ്റർ ചെയ്ത്, സൂക്ഷ്മ പരിശോധനയിലൂടെ രോഗ നിർണയം നടത്തി നിർദിഷ്ട ചികിത്സാവിധിപ്രകാരം കൃത്യമായ മേൽനോട്ടത്തിൽ മരുന്ന് നൽകും. ചികിത്സ ആരംഭിച്ച രോഗി ഇടക്ക്വച്ചു മരുന്നു നിർത്തിയാൽ കണ്ടെത്തി തുടർ ചികിത്സ ഉറപ്പാക്കുന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
ഇതിന്റെ ഭാഗമായുള്ള ജില്ലാതല പരിശീലന പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക ഉദ്ഘാടനം ചെയ്തു.
എൻസിഡി നോഡൽ ഓഫീസർ ഡോ. വി. ഫിറോസ്ഖാൻ അധ്യക്ഷനായിരുന്നു. സ്റ്റേറ്റ് കണ്‍സൾട്ടന്റ് ഡോ. ദീൻ ദയാൽ, ലോകാരോഗ്യ സംഘടനയുടെ കണ്‍സൾട്ടന്റുമാരായ ഡോ. യദു,
സ്നേഹ, പി. ഷാജി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, ടെക്നിക്കൽ അസിസ്റ്റന്റ് എം. ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ ഡോക്ടർമാർ, നഴ്സിംഗ് ഓഫീസർമാർ, ഫാർമസിസ്റ്റ്സ് തുടങ്ങിയവർ പങ്കെടുത്തു.