നിലന്പൂർ ഉപതെരഞ്ഞെടുപ്പ് : വോട്ടർമാർക്ക് നന്ദി പറഞ്ഞ് ആര്യാടൻ ഷൗക്കത്ത്
1570207
Wednesday, June 25, 2025 5:29 AM IST
എടക്കര: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് നിയമസഭയിലേക്കയച്ച വോട്ടർമാർക്ക് നന്ദി പറയാൻ ആര്യാടൻ ഷൗക്കത്ത് മണ്ഡലത്തിൽ പര്യടനം നടത്തി. ഇന്നലെ വൈകിട്ട് നാലിന് നിലന്പൂർ ചന്തക്കുന്നിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.
നിരവധി വാഹനങ്ങളുടെ അകന്പടിയോടെ തുറന്ന വാഹനത്തിൽ യുഡിഎഫ് നേതാക്കൾക്കൊപ്പമായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ വരവ്. ഇടമുറിയാതെ പെയ്ത മഴയെയും അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുക്കണത്തിന് ആളുകളാണ് ഓരോ കേന്ദ്രത്തിലും നിലന്പൂരിന്റെ പുതിയ എംഎൽഎയെ കാത്തുനിന്നത്. ചുങ്കത്തറ എടമലയിലെത്തിയ ഷൗക്കത്ത് വോട്ടർമാർക്ക് ഹസ്തദാനം നൽകി നന്ദി പറഞ്ഞു.
തുടർന്ന് ചുങ്കത്തറ ടൗണ്‍, പോത്തുകൽ, നാരോക്കാവ്, വഴിക്കടവ്, എടക്കര, മൂത്തേടം, കരുളായി, അമരന്പലം എന്നിവിടങ്ങളിലും പര്യടനം നടത്തി വോട്ടർമാർക്ക് നന്ദി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, കെ.ടി. കുഞ്ഞാൻ, സി.എച്ച്. ഇഖ്ബാൽ, എൻ.എ. കരീം, എ. ഗോപിനാഥ്, ടി.പി. അഷ്റഫലി, മച്ചിങ്ങൽ കുഞ്ഞു, ഹാരിസ് ബാബു ചാലിയാർ, ബാബു തോപ്പിൽ, താജ സക്കീർ, ഹൈദ്രു ചുങ്കത്തറ, നാസർ കാങ്കട, റഷീദ് വരിക്കോടൻ, മണ്ഡലം, പഞ്ചായത്ത് യുഡിഎഫ് ഭാരവാഹികൾ എന്നിവർ ഷൗക്കത്തിനെ അനുഗമിച്ചു.