കെഎസ്ആർടിസി പരിസരത്ത് മാലിന്യം വലിച്ചെറിയുന്നവർ നിരീക്ഷണത്തിൽ
1569336
Sunday, June 22, 2025 5:33 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കഐസ്ആർടിസി ഡിപ്പോ പരിസരത്ത് മാലിന്യം വലിച്ചെറിയുന്നതും മാലിന്യം കവറിൽ കൊണ്ടുവന്ന് തള്ളുന്നതും നിരീക്ഷിക്കാനൊരുങ്ങി കെഎസ്ആർടിസി. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സിസിടിവി നിരീക്ഷണം ശക്തമാക്കുന്ന നടപടി തുടങ്ങികഴിഞ്ഞു.
സിസിടിവി സ്ഥിരമായി നിരീക്ഷിക്കാൻ കഐസ്ആർടിസി ഐടി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് മാലിന്യം തള്ളുന്നവർ ഏറെയാണ്. ഇങ്ങനെയുള്ളവരെ പിടികൂടാനാണ് കഐസ്ആർടിസിയുടെ നീക്കം.
ഡിപ്പോകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകൾ സ്ഥിരമായി നിരീക്ഷിച്ച് മാലിന്യ നിക്ഷേപ സംഘങ്ങളെ പിടികൂടാൻ ഇനി ഉദ്യോഗസ്ഥർ മുഴുവൻ സമയവും ഉണ്ടാകും. മാലിന്യം തള്ളുന്നത് കണ്ടാൽ വിവരം യൂണിറ്റ് ഓഫീസറെ അറിയിക്കും. കൃത്യമായ തെളിവുകളും ശേഖരിക്കും. തുടർന്ന് വിശദവിവരങ്ങളോടെ തദ്ദേശ വകുപ്പിന്റെ വാട്സാപ്പ് നന്പറായ 9446700800ലേക്ക് അയക്കും.
പിഴയും ശിക്ഷയുമെല്ലാം തദ്ദേശവകുപ്പ് തീരുമാനിക്കും. എല്ലാ ജീവനക്കാർക്കും ഇതേക്കുറിച്ച് നിർദേശവും നൽകി. പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിലേക്കുള്ള ഗേറ്റിന് സമീപവും മെയിൻ റോഡിനോട് ചേർന്ന സ്ഥലത്തും സിസിടിവികൾ സ്ഥാപിക്കാനുള്ള ജോലി ആരംഭിച്ചു.