സ്കഫോള്‍ഡ് പദ്ധതി: പഞ്ചദിന റസിഡൻഷ്യൽ ക്യാമ്പിനു തുടക്കം
1297374
Thursday, May 25, 2023 11:59 PM IST
കോഴിക്കോട്: ഹയര്‍ സെക്കൻഡറി പഠനത്തിന് ശേഷം വിദ്യാർഥികളെ മികവുറ്റ പ്രൊഫഷണലുകളാക്കാന്‍ സമഗ്ര ശിക്ഷാ കേരളയുടെ സ്കഫോള്‍ഡ് പദ്ധതിയുടെ ഭാഗമായുള്ള പഞ്ചദിന റസിഡൻഷ്യൽ ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മെച്ചപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലൂടെ മത്സര പരീക്ഷകളിൽ മികച്ച വിജയം നേടാൻ സർക്കാർ സ്കൂളുകൾക്ക് സാധിച്ചു. ഉന്നത പഠനത്തിന് സാഹചര്യമില്ലാത്ത മിടുക്കരായ വിദ്യാർഥികൾക്ക് സൗകര്യം ഒരുക്കാനുള്ള പദ്ധതികളും സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടാൻ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് സ്കഫോള്‍ഡ് പദ്ധതിയുടെ ലക്ഷ്യം. 29 വരെ അഞ്ച് ദിവസങ്ങളിലായാണ് ക്യാമ്പ്. ആരാധനാ ടൂറിസ്റ്റ് ഹോമിൽ നടന്ന ചടങ്ങിൽ എസ്എസ്കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എ.കെ അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു.