ആദിശക്തി സമ്മർ സ്കൂൾ സെക്രട്ടേറിയറ്റ് പടിക്കൽ സാംസ്കാരിക പ്രതിഷേധം സംഘടിപ്പിക്കും
1262283
Thursday, January 26, 2023 12:13 AM IST
കൽപ്പറ്റ: ആദിശക്തി സമ്മർ സ്കൂൾ ഫെബ്രുവരി നാലിന് സെക്രട്ടേറിയറ്റ് പടിക്കൽ സാംസ്കാരിക പ്രതിഷേധം സംഘടിപ്പിക്കും. ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമന ലിസ്റ്റ് തയാറാക്കിയ നടപടി പുനഃപരിശോധിക്കുക, പോസ്റ്റ്മെട്രിക് സ്കോളർഷിപ്പുകളും ഹോസ്റ്റൽ അലവൻസുകളും വർധിപ്പിക്കുക, എല്ലാ നഗരങ്ങളിലും പോസ്റ്റ്മെട്രിക് ഹോസ്റ്റലുകൾ ആരംഭിക്കുക, എറണാകുളം ജില്ലയിൽ പട്ടികവർഗ ആണ്കുട്ടികൾക്കു ഹോസ്റ്റൽ സൗകര്യം ഒരുക്കുക, വേടൻ, ചക്ലിയ തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് നിശ്ചിത ശതമാനം സീറ്റ് പട്ടികജാതി-വർഗ ഹോസ്റ്റലുകളിൽ അനുവദിക്കുക, ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്കുള്ള പ്രവേശന ചെലവുകൾക്ക് പ്രത്യേക ഗ്രാന്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരിപാടിയെന്ന് സമ്മർ സ്കൂൾ ആക്ടിംഗ് പ്രസിഡന്റ് സി. മണികണ്ഠൻ, ചെയർപേഴ്സണ് കെ.ആർ. രേഷ്മ, ജനറൽ സെക്രട്ടറി മേരി ലിഡിയ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹരിക്കാനും കഴിഞ്ഞ മെയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കൗണ്സിലിനും നൽകിയ നിവേദനത്തിലെ
ഭൂരിപക്ഷം ആവശ്യങ്ങളും പരിഗണനയിൽ വന്നില്ലെന്നു സമ്മർസ്കൂൾ ഭാരവാഹികൾ പറഞ്ഞു.
അഭ്യസ്തവിദ്യരായ പട്ടികവർഗക്കാർക്ക് നീതിയുക്തമായ നിലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു പകരം റിക്രൂട്ട്മെന്റുകൾ നടത്തി വിവേചനവും അഴിമതിയും നടത്തുകയാണ്. ഇത് അവസാനിപ്പിക്കണമെന്ന ആവശ്യവും സാംസ്കാരിക പ്രതിഷേധത്തിൽ ഉയർത്തും.