കേന്ദ്ര സംസ്ഥാന സർക്കാരുകളുടേത് ഫാസിസ്റ്റ് നയം: എൻ.ഡി. അപ്പച്ചൻ
1278145
Friday, March 17, 2023 12:07 AM IST
കൽപ്പറ്റ: പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് നയമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേതെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിൽ തിരുത്തൽ ശക്തിയായി നിൽക്കേണ്ട ധർമമാണ് പ്രതിപക്ഷത്തിനുള്ളത്. ജനങ്ങൾക്കുവേണ്ടി പ്രതികരിക്കുന്ന പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്താമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. സെറ്റോയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം രൂക്ഷമാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ പ്രതിഷേധിച്ചും സാധാരണക്കാരനെ മറന്ന് കോർപ്പറേറ്റുകളെ പിന്തുണക്കുന്ന കേന്ദ്രനയത്തിനെതിരെയും പൊതുജനത്തിന്റെ നടുവൊടിക്കുന്ന സംസ്ഥാന സർക്കാരിന്റെ നികുതി ഭീകരതക്കെതിരെയുമായിരുന്നു സെറ്റോ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ സദസ്.
സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി. തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനർ പി.എസ്. ഗിരീഷ്കുമാർ, വി.സി. സത്യൻ, രാജൻ ബാബു, കെ.വി. ചന്ദ്രൻ, പി. സഫ്വാൻ, പി. ദിലീപ്കുമാർ, സി.വി. വിജേഷ്, ടി.എൻ. സജിൻ, കെ.ടി. ഷാജി, വി.എ. അബ്ദുള്ള, ഗ്ലോറിൻ സെക്വീര, ഇ.എസ്. ബെന്നി, ഷാജു ജോണ്‍, കെ.ആർ. ബിനീഷ്, റോണി ജേക്കബ്, ടി.എം. അനൂപ്, സി.കെ. ജിതേഷ്, പി. റീന, കെ. ചിത്ര തുടങ്ങിയവർ പ്രസംഗിച്ചു.