ഇലക്ട്രിക് പോസ്റ്റ് പൊളിച്ച കോൺക്രീറ്റ് അവശിഷ്ടം റോഡിൽ ഉപേക്ഷിച്ചെന്ന് പരാതി
1281967
Wednesday, March 29, 2023 12:26 AM IST
കൂരാച്ചുണ്ട്: റോഡ് അരികുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന കെഎസ്ഇബിയുടെ കോൺക്രീറ്റിൽ നിർമിച്ച ഇലക്ട്രിക് പോസ്റ്റുകൾ പൊളിച്ച് കമ്പികൾ എടുത്ത ശേഷം കോൺക്രീറ്റ് അവശിഷ്ടങ്ങൾ റോഡിൽ ഉപേക്ഷിച്ചത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.
കൂരാച്ചുണ്ടിൽ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ ഉപയോഗശൂന്യമായി കിടക്കുന്ന പോസ്റ്റുകൾ പൊളിച്ചിട്ടുണ്ട്.
കെഎസ്ഇബി അധികൃതർ കരാറുകാർ മുഖേനയാണ് ഇത്തരത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ പൊളിച്ച് കമ്പികൾ എടുക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ളതെന്നാണ് അറിയുന്നത്. എന്നാൽ പൊളിച്ച ശേഷം അവശേഷിക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.
വീതികുറഞ്ഞ റോഡിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ദുരിതമായി മാറിയെന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നടപടി വേണമെന്നുമാണ് ആവശ്യമുയരുന്നത്.