കൽപ്പറ്റ: നിയോജകമണ്ഡലത്തിൽ ടി. സിദ്ദിഖ് എംഎൽഎ നടപ്പാക്കി വരുന്ന സ്പാർക്ക് വിദ്യാഭ്യാസ പദ്ധതിയുടെ 2023 - 2024 വർഷത്തെ പ്രവർത്തനങ്ങൾ പട്ടികജാതി പട്ടികവർഗ വികസന, ദേവസ്വം, പാർലമെന്ററി കാര്യ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട വിദ്യാഭ്യാസമാണ് മികച്ച പൗരൻമാരെ വാർത്തെടുക്കുന്നതെന്നും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഉയർച്ചയും സാംസ്കാരിക മാനവിക മൂല്യങ്ങളും കരുണയും ദയയുമുള്ള കുട്ടികളെ വാർത്തെടുക്കൽ കൂടിയാണെന്ന് മന്ത്രി പറഞ്ഞു.
എൻഎംഎഎസ് പരിശീലനത്തിന് വേണ്ടി നിയോജകമണ്ഡലത്തിൽ നിന്നും തെരെഞ്ഞടുത്ത വിവിധ സ്കൂളുകളിൽ നിന്നുള്ള 200 ലധികം വരുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമുള്ള പ്രത്യേക ഓറിയന്റേഷൻ ക്ലാസും നടന്നു. എസ്കെഎംജെ സ്കൂൾ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ നഗരസഭ വൈസ് ചെയർപേഴ്സണ് കെ. അജിത, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ്, കെ. ശരത് ചന്ദ്രൻ, വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജീറ്റോ ലൂയിസ്, സ്പാർക്ക് ടീം അംഗങ്ങളായ പി. കബീർ, എം. സുനിൽകുമാർ, ഷാജി തദ്ദേവൂസ്, കെ.ആർ. ബിനീഷ്, ഇ.വി. ഏബ്രഹാം, ഹനീഫ, പി.സി. നൗഫൽ, സാലി റാട്ടകൊല്ലി തുടങ്ങിയവർ പ്രസംഗിച്ചു.