പ്രോജക്ട് ഷെൽട്ടർ: 17-ാമത് വീട് കൈമാറി
1560861
Monday, May 19, 2025 6:20 AM IST
കൽപ്പറ്റ: ബംഗളൂരു ഹോപ് സൊസൈറ്റി സാന്ത്വന പരിചരണത്തിലുള്ള രോഗികൾ, അശരണയായ വിധവകൾ, ഭിന്നശേഷിക്കാർ, പ്രകൃതിദുരന്ത ബാധിതർ എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നടപ്പാക്കുന്ന പ്രോജക്ട് ഷെൽട്ടർ പദ്ധതിയിൽ നിർമിച്ച 17-മത് ഭവനത്തിന്റെ കൈമാറ്റം നടത്തി.
മുട്ടിൽ പഞ്ചായത്തിൽ സാന്ത്വന പരിചരണത്തിൽ കഴിയുന്ന ഉണ്ണിക്കും ഭാര്യ ലക്ഷ്മിക്കുട്ടിക്കും നിർമിച്ച വീടാണ് കൈമാറിയത്.
550 ചതുരശ്ര അടി വീസ്തീർണമുള്ള വീട്ടിൽ രണ്ട് കിടപ്പുമുറിയും അനുബന്ധ സൗകര്യങ്ങളുമുണ്ട്. ടി. സിദ്ദിഖ് എംഎൽഎ താക്കോൽദാനം നടത്തി. പ്രോജക്ട് ഷെൽട്ടർ ദേശീയ കോ ഓർഡിനേർ സിബു ജോർജ് അധ്യക്ഷത വഹിച്ചു. ഹോപ് സൊസൈറ്റി ഡയറക്ടറും പ്രോജക്ട് ഷെൽട്ടർ സ്ഥാപകനുമായ ഫാ.ജോർജ് കണന്താനം മുഖ്യപ്രഭാഷണം നടത്തി. സർക്കാർ സഹായവും പൊതുസമൂഹത്തിന്റെ സഹകരണവുമാണ് ഭവന നിർമാണം സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു പ്രസംഗിച്ചു. വാർഡ് മുൻ അംഗം റഷീന സുബൈർ സ്വാഗതവും സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി യൂണിറ്റ് പ്രസിഡന്റ് സി.സി. റോസമ്മ നന്ദിയും പറഞ്ഞു.