ഗോത്രമേഖലയിലെ നാൾവഴികളും ഭാവികാഴ്ചപ്പാടും ചർച്ച ചെയ്യാൻ വിഷൻ 2031
1602178
Thursday, October 23, 2025 5:56 AM IST
സംസ്ഥാനതല സെമിനാർ 25 ന് മാനന്തവാടിയിൽ
കൽപ്പറ്റ: ഗോത്രവർഗ മേഖലയിൽ പട്ടികജാതി-വർഗ-വികസന പത്ത് വർഷക്കാലം നടപ്പാക്കിയ വികസന പദ്ധതികൾ വിലയിരുത്തി ഭാവി കാഴ്ചപ്പാടുകളും സാമൂഹ്യ ലക്ഷ്യങ്ങളും രൂപീകരിക്കാൻ വിഷൻ 2031 സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു.
മാനന്തവാടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 25ന് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ നടക്കുന്ന സെമിനാർ പട്ടികജാതി-വർക-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. വിഷൻ 2031 സെമിനാറിൽ വകുപ്പിന്റെ കരട് നയരേഖ മന്ത്രി അവതരിപ്പിക്കും.
ഗോത്രവർഗ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരികം, നൈപുണി പരിശീലനം, തൊഴിൽ, ഉപജീവനം, നിയമ പരിരക്ഷ തുടങ്ങിയ വിഷയങ്ങളിൽ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ വിദഗ്ധരുടെ നേതൃത്വത്തിൽ പാനൽ ചർച്ചകൾ നടക്കും.
ഗോത്ര മേഖലകളിലെ സാധ്യതകൾ, വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യുന്നതിനാണ് വിഷൻ 2031 സെമിനാർ സംഘടിപ്പിക്കുന്നത്. സമഗ്ര പുരോഗതി ലക്ഷ്യമാക്കി വകുപ്പ് നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾക്കൊപ്പം മികച്ച ആശയങ്ങൾ ഉൾക്കൊള്ളിച്ച് നൂതന പദ്ധതികൾ ക്രോഡീകരിച്ച് നടപ്പാക്കുകയാണ് സെമിനാറിലൂടെ ലക്ഷ്യമാക്കുന്നത്.
വിവിധ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകളുടെ ക്രോഡീകരണവും അവതരണവും നടക്കും. വൈകുന്നേരം 3.30ന് നടക്കുന്ന സമാപന സമ്മേളനം കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും.
രാവിലെ 10.30 നടക്കുന്ന ഉദ്ഘാടനം യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. മുൻമന്ത്രി എ.കെ. ബാലൻ, എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, കെ. ശാന്തകുമാരി, വി. ശശി, യു.ആർ. പ്രദീപ്, കെ.എം. സച്ചിൻദേവ്, ഒ.എസ്. അംബിക, കോവൂർ കുഞ്ഞുമോൻ, എം.എസ്. അരുണ്കുമാർ, എ. രാജ, സി.കെ. ആശ, പി.പി. സുമോദ്, എ.പി. അനിൽകുമാർ, സി.സി. മുകുന്ദൻ, പി.വി. ശ്രീനിജൻ,
പട്ടികജാതി-വർക-പിന്നാക്ക ക്ഷേമ സെക്രട്ടറി ഡോ.എ. കൗശികൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രോംരാജ്, പിന്നാക്ക വിഭാഗ വകുപ്പ് ഡയറക്ടർ മിസാൽ സാഗർ ഭരത് തുടങ്ങിയവർ പങ്കെടുക്കും.