ഗാർഹീക പീഡനം മൂലം ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന് തടവും പിഴയും
1602185
Thursday, October 23, 2025 5:56 AM IST
മീനങ്ങാടി: ഗാർഹീക പീഡനം മൂലം ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന് തടവും പിഴയും കോടതി വിധിച്ചു. മീനങ്ങാടി ചൂതുപാറ സെെസൈറ്റിക്കവല മുണ്ടിയാനിൽ വീട്ടിൽ ബൈജു (50) വിനെയാണ് 10 വർഷത്തെ തടവിനും 60000 രൂപ പിഴയടക്കാനും കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (1) ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്.
2021 ജൂലൈ നാലിന് പ്രതിയുടെ ഭാര്യയായ അംബിക (45) ഇയാൾക്കെതിരോ ആത്മഹത്യാ കുറിപ്പ് എഴുതി വച്ച് വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിലാണ് മീനങ്ങാടി പോലീസ് കേസെടുത്തത്. വിവാഹം കഴിഞ്ഞ് രണ്ടാം മാസം മുതൽ തന്നെ പ്രതി കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും അംബികയെ ഉപദ്രവിച്ചിരുന്നു. ഇടയ്ക്കിടെ വഴക്കുണ്ടാക്കുകയും ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതും വീട്ടിൽ നിന്ന് പുറത്താക്കുന്നതും പതിവായിരുന്നു.
പിന്നീട് നിരന്തര പീഡനം സഹിക്കാൻ വയ്യാതെ ഭർത്താവിനെതിരേ കുറിപ്പെഴുതി അംബിക ആത്മഹത്യ ചെയ്യുകയായിരുന്നു. ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് ഇയാൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്ക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.