"ആകാശ മിഠായി’ പ്രോഗ്രാമിൽ സാംസ്കാരിക പരിപാടി അവതരിപ്പിച്ച് പിണങ്ങോട് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്
1602184
Thursday, October 23, 2025 5:56 AM IST
കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സ്ഥാനതലത്തിൽ തിരുവനന്തപുരത്ത് നടത്തിയ ജീവിതോത്സവം 2025 കാർണിവൽ പരിപാടിയായ ആകാശ മിഠായി പരിപാടിയിൽ ജില്ലയെ പ്രതിനിധീകരിച്ച് പിണങ്ങോട് ഹയർസെക്കൻഡറി സ്കൂൾ സാംസ്കാരിക പരിപാടി അവതരിപ്പിച്ചു.
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് പരിപാടി നടത്തിയത്. ഗോത്രതാളം എന്ന പേരിൽ അവതരിപ്പിച്ച സാംസ്കാരിക പരിപാടി ഏറെ ശ്രദ്ധേയമായി. പിണങ്ങോട് സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരായ കെ.എസ്. ആവണി, വൈഗ എസ്. ദിനേശ്, എസ്. ശ്രീലക്ഷ്മി, എയ്ഞ്ചൽ ടി. ഡെന്നി, പി. കാഞ്ചന, ആർ. ശിവമിത്ര, അക്ഷയ രാമചന്ദ്രൻ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.
ഉണർവ് രമേഷാണ് വിദ്യാർഥികളെ പരിശീലിപ്പിച്ചത്. അധ്യാപികയായ ചന്ദന സുരേഷ്, എൻഎസ്എസ് ജില്ലാ കണ്‍വീനർ കെ.എസ്. ശ്യാൽ എന്നിവർ ടീമിന് നേതൃത്വം നൽകി.