പുനലൂർ-ഗുരുവായൂർ ട്രെയിൻ മധുര വരെ നീട്ടണം
1224698
Sunday, September 25, 2022 11:20 PM IST
കൊട്ടാരക്കര: ഗുരുവായൂർ- പുനലൂർ ട്രെയിൻ സർവീസ് മധുര വരെ നീട്ടാനുള്ള ശുപാർശ അടിയന്തിരമായി നടപ്പാക്കണമെന്ന് കൊല്ലം-ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.
2020 മുതൽ എല്ലാ ടൈംടേബിൾ കമ്മിറ്റികളുടെയും പരിഗണനയ്ക്കു വന്നിട്ടുള്ള നിർദേശം നടപ്പിൽ വരുത്തുന്നതിൽ റെയിൽവേ ബോർഡ് കാട്ടുന്ന നിസംഗയും മെല്ലെപ്പോക്കും അവസാനിപ്പിച്ച് അടുത്ത മാസം പുറത്തിറക്കുന്ന റെയിൽവേ ടൈംടേബിളിൽ ഗുരുവായൂർ പുനലൂർ മധുര എക്സ്പ്രസ് സമയ ക്രമം നിശ്ചയിച്ച് സർവീസ് ആരംഭിക്കണം. അതോടൊപ്പം സഞ്ചാരികൾക്ക് പശ്ചിമഘട്ട മലനിരകളുടെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് റെയിൽ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഈ ട്രയിനിൽ വിസ്റ്റാഡോം കോച്ചും ഘടിപ്പിക്കണം. നിലവിൽ പ്രതിവാര സ്പെഷൽ ട്രെയിനായി ഓടിക്കുന്ന എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് പ്രതിദിന സർവീസ് ആക്കണമെന്നും തിരുനെൽവേലിയിൽ നിന്നു ഗോവയിലെ മഡ്ഗാവിലേക്ക് ഒരു പ്രതിവാര എക്സ്പ്രസ് ട്രയിൻ സർവീസും പുതുതായി ആരംഭിച്ചിട്ടുള്ള താംബരം-ചെങ്കോട്ട സർവീസ് കൊല്ലം വരെ നീട്ടണമെന്നും ആവശ്യപ്പെട്ടു.
നിലവിൽ യാത്രക്കാർക്കു പ്രയോജനമില്ലാത്ത സമയത്ത് സർവീസ് നടത്തിവരുന്ന കൊല്ലം - ചെങ്കോട്ട പാസഞ്ചർ സർവീസിന്റെ സമയക്രമം യാത്രക്കാർക്ക് ഉപകാരപ്പെടും വിധം പുനക്രമീകരിക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം റെയിൽവേ അധികാരികളെയും ജനപ്രതിനിധികളെയും അസോസിയേഷൻ ഭാരവാഹികൾ നേരിട്ടു ബോധ്യപ്പെടുത്തും.
യോഗത്തിൽ പ്രസിഡന്റ് എൻ. ചന്ദ്രമോഹനൻ അധ്യക്ഷം വഹിച്ചു. ഭാരവാഹികളായ എൻ .ബി രാജഗോപാൽ, ദീപു രവി, അജീഷ് പുന്നല എന്നിവർ പ്രസംഗിച്ചു.