സംരംഭങ്ങളിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
1224987
Monday, September 26, 2022 11:25 PM IST
കൊല്ലം: നൂതന സംരംഭങ്ങളിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സംരംഭക വര്‍ഷാചരണത്തിന്റെ ഭാഗമായി ചടയമംഗലം നിയോജകമണ്ഡലതല അവലോകന യോഗം കടയ്ക്കല്‍ പഞ്ചായത്ത് ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗ്രാമീണ മേഖലയിലെ സംരംഭകത്വ വികസന പരിപാടികള്‍ വിപുലീകരിക്കും. ഇതിനായി വ്യവസായം, തദ്ദേശസ്വയംഭരണം, സഹകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, കൃഷി എന്നീ വകുപ്പുകളുടെ സേവനങ്ങള്‍ ജനങ്ങള്‍ പ്രയോജനപ്പെടുത്തണം. കൂടുതല്‍ ഇടങ്ങളിലേക്ക് വ്യവസായ എസ്റ്റേറ്റുകള്‍ സാധ്യമാക്കും. കാലാനുസൃതമായി നിലവിലുള്ളവയുടെ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ വിവിധ വകുപ്പുകളുടെയും ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സംരംഭക പദ്ധതി സംബന്ധിച്ച പ്രവര്‍ത്തന പുരോഗതികള്‍ വിലയിരുത്തി. സംരംഭക സാധ്യതകള്‍ ചര്‍ച്ച ചെയ്തു.
2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ചടയമംഗലം നിയോജക മണ്ഡലത്തിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളില്‍ 1113 സംരംഭങ്ങള്‍ തുടങ്ങാനാണ് ലക്ഷ്യം. നിലവില്‍ 509 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചതിലൂടെ 24.71 കോടി രൂപയുടെ നിക്ഷേപവും 1095 പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും 45.73 ശതമാനം നേട്ടവും കൈവരിക്കാനായി.
പരിപാടിയില്‍ ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരന് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ എം. എസ് മുരളി, കെ. മധു, വി. വിനീത, സി. അമൃത, വാളിയോട് ജേക്കബ്, എം. അന്‍സാര്‍, ജെ. വി. ബിന്ദു, അസീന മനാഫ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്, മാനേജര്‍ എസ്. കിരണ്‍, കൊട്ടാരക്കര ഉപജില്ലാ വ്യവസായ ഓഫീസര്‍ ടി. എസ് ബിജു, ചടയമംഗലം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ഇന്‍ചാര്‍ജ് എ. സുബിന്, വകുപ്പുതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.