അഞ്ചല്‍-ആയൂര്‍ പാതയില്‍ വീണ്ടും വാഹനാപകടം
1225630
Wednesday, September 28, 2022 10:59 PM IST
അഞ്ചൽ : നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന ആയൂർ-അഞ്ചൽ പാതയില്‍ വീണ്ടും വാഹനാപകടം. അഞ്ചലിൽ നിന്നും ആയൂരിലേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ കലുങ്ക് നിർമാണത്തിനായിയെടുത്ത കുഴിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ പെരുങ്ങള്ളൂർ പമ്പ് ഹൗസിന് സമീപമാണ് കാര്‍ മറിഞ്ഞത്. വാഹനം ഓടിച്ചിരുന്ന ആൾ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ നിസാര പരിക്കുകളോടെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് മാസം മുമ്പും ഇവിടെ എതിരേ വന്ന വാഹനത്തിൽ സൈഡ് കൊടുക്കവേ കെഎസ്ആർടിസി ബസ് സമാന രീതിയിൽ അപകടത്തിൽപ്പെടുകയുണ്ടായി. അതിനും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
അപകട സാധ്യതയുള്ള മേഖലയില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അപകടം ഉണ്ടാകുമ്പോള്‍ കരാറുകാര്‍ എത്തി ചില താല്‍ക്കാലിക ക്രമീകരണം ഉണ്ടാക്കുമെന്നതൊഴിച്ചാല്‍ കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. ഒരു വർഷം മുമ്പ് ആരംഭിച്ച അഞ്ചല്‍ -ആയൂര്‍ പാതയുടെ നവീകരണ പ്രവര്‍ത്തികള്‍ ഇപ്പോഴും എങ്ങും എത്താതെ ഇഴഞ്ഞു നീങ്ങുകയാണ്.
പലയിടങ്ങളിലും കാല്‍നട പോലും കഴിയാത്ത വിധമാണ് പ്രവര്‍ത്തനങ്ങള്‍. നിരന്തരമുണ്ടാകുന്ന അപകടങ്ങളില്‍ ജനം ഭീതിയിലാണ്. ഒപ്പം ഇഴിഞ്ഞു നീങ്ങുന്ന നിര്‍മാണ പ്രവര്‍ത്തികളില്‍ വലിയ ജനരോക്ഷവും ഉയരുന്നുണ്ട്.