മൂല്യാധിഷ്ഠിത നേതൃത്വം കാലഘട്ടത്തിന് അനിവാര്യം: എം. മുകേഷ് എംഎൽഎ
1226055
Thursday, September 29, 2022 11:24 PM IST
കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പ്, വോക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കൊല്ലം മേഖലാ ഓഫീസിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ദിദിന നേതൃത്വ പരിശീലന ക്യാമ്പ് തുടങ്ങി.
ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നുമുള്ള കരിയർ മാസ്റ്റർ അധ്യാപകർക്ക് രണ്ടുദിവസത്തെ കരിയർ ആപ് റ്റിറ്റ്യൂഡ് പരിശീലന പരിപാടിയും ക്യാമ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു.
കൊല്ലം ജവഹർ ബാലഭവനിൽ തുടങ്ങിയ ക്യാമ്പ് എം മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ്ഇ കൊല്ലം മേഖല അസിസ്റ്റന്റ് ഡയറക്ടർ ചിത്ര ഒ എസ് അധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ മാത്യു എബ്രഹാം, കരിയർ ഗൈഡൻസ് കൗൺസിലിങ് സെൽ സ്റ്റേറ്റ് കോഡിനേറ്റർ എം. റിയാസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജി. ആർ. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ സാമൂഹികവും, മാനസികവും ആയ വ്യക്തി വികാസത്തിന് ഉപകരിക്കുന്ന തരത്തിലുള്ള സെഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ടുദിവസത്തെ ക്യാമ്പിനോട് അനുബന്ധിച്ച് വിവിധ യൂണിവേഴ്സിറ്റികളിൽ നടത്തുന്ന നൂതന കോഴ്സുകളെ കുറിച്ചും തൊഴിൽ സാധ്യതകളെപ്പറ്റിയും ഉള്ള വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കരിയർ എക്സിബിഷൻ ഇന്ന് നടക്കും.
റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ സജിത്ത് എക്സി ബിഷൻ ഉദ്ഘാടനം ചെയ്യും. വിദ്യാർഥികൾക്കും, പൊതു ജനങ്ങൾക്കും കരിയർ എക്സിബിഷൻ കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.