റവന്യൂ ഡിവിഷണൽ ഓഫിസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി
1245189
Friday, December 2, 2022 11:16 PM IST
പുനലൂർ: പുനലൂർ റവന്യൂ ഡിവിഷണൽ ഓഫിസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. 2018ൽ അനുവദിച്ച ഓഫീസ് ടിബി ജംഗ്ഷനിലെ പൊതുമരാമത്ത് സമുച്ചയത്തിലാണ് പ്രവർത്തിച്ചിരുന്നത്. മിനി സിവിൽ സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ സജ്ജീകരിച്ചാണ് ഓഫിസ് മാറ്റിയത്.
ഇതിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. ഭൂമി തരംതിരിവുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾക്ക് അറുതി വരുത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് ജനങ്ങളെ വഴിതെറ്റിക്കാൻ പ്രവർത്തിക്കുന്ന ഏജന്റുമാർക്ക് കയറി കൂടാനുള്ള കേന്ദ്രമല്ല റവന്യൂ വകുപ്പെന്നും അദ്ദേഹം പറഞ്ഞു. ഈ ഏജന്റുമാരെ ഗൗരവമായി കണ്ട് കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
പി.എസ്. സുപാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എംപി, നഗരസഭ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം, കളക്ടർ അഫ്സാന പർവീൻ, ആർഡിഒ ബി. ശശികുമാർ , സിപിഎം ഏരിയാ സെക്രട്ടറി എസ്. ബിജു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.