നടക്കാത്ത മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം: കേരളോത്സവ നടത്തിപ്പിനെതിരെ ഗുരുതര പരാതി
1246983
Thursday, December 8, 2022 11:32 PM IST
അഞ്ചല്‍ : ഏരൂര്‍ ഗ്രാമപഞ്ചായത്ത് പൂര്‍ത്തിയാക്കിയ കേരളോല്സവത്തിനെതിരെ ഗുരുതരമായ ആരോപണവുമായി പഴയേരൂര്‍ റൂറല്‍ ഡവലപ്മെന്റ് കലാകായിക വേദി പ്രവര്‍ത്തകര്‍ രംഗത്ത്. കേരളോല്സവത്തില് നിരവധി കലാകായിക മത്സരങ്ങളില്‍ റൂറല്‍ ഡെവലപ്മെന്റ് കലാകായിക വേദി പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.
ഇതില്‍ ഒരിനമായ ബാസ്ക്കറ്റ്ബോള്‍ മത്സരത്തിലും ഇവരുടെ ടീം രജിസ്റ്റര്‍ ചെയ്തു. നിശ്ചയിച്ച ദിവസം മത്സരത്തിനായി ഇവര്‍ എത്തി എങ്കിലും ഒരു ടീം മാത്രം ഉള്ളതിനാല്‍ മത്സരം നടത്തിയില്ല. ഒപ്പം ബ്ലോക്ക് തലത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇതനുസരിച്ച് ബ്ലോക്കില്‍ മത്സരിക്കാന്‍ എത്തിയപ്പോഴാണ് നടക്കാത്ത മത്സരത്തില്‍ ഗ്രൗണ്ടില്‍ പോലും എത്താത്ത ടീമിന് ഒന്നാം സ്ഥാനവും എത്തിയ ടീം രണ്ടാം സ്ഥാനത്തും എന്ന കാര്യം അറിയുന്നത്.
കാര്യം അന്വേഷിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ വന്ന അപാകത ആണെന്ന് പറഞ്ഞു ബന്ധപ്പെട്ടവര്‍ എല്ലാം കൈ ഒഴിഞ്ഞു. ഒടുവില്‍ ജില്ല കളക്ടര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്കി.
പഞ്ചായത്തില്‍ നിന്നും മറുപടി ഒന്നും ലഭിക്കാതെ വന്നതോടെ പഞ്ചായത്ത് സെക്രട്ടറിയെ നേരിട്ട് കണ്ടു വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ കേരളോത്സവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നും സംഘാടക സമിതിയാണ് നടത്തുന്നതെന്നും പരാതി പരിശോധിക്കാമെന്നും പറഞ്ഞ കേരളോത്സവം അടക്കം പഞ്ചായത്ത് പരിപാടികളുടെ മുഖ്യ സംഘാടകന്‍ കൂടിയായ സെക്രട്ടറി ജോതിഷ് കുമാര്‍ തടിയൂരി.
ഇതോടെ കൂടുതല്‍ ശക്തമായ പ്രതിഷേധത്തിലേക്കും നിയമ നടപടികളിലേക്കും പോകാനാണ് റൂറല്‍ ഡവലപ്മെന്റ് കലാകായിക വേദി പ്രവര്‍ത്തകരുടെ തീരുമാനം. ഇതിനിടയില്‍ ഭരണസമിതിയിലെ ചിലര്‍ ഇവരെ അനുനയിപ്പിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. റൂറല്‍ ഡവലപ്മെന്റ് കലാകായിക വേദി പ്രസിഡന്റ് റാഫിയുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസില്‍ എത്തി വിശദീകരണം ആവശ്യപ്പെട്ടത്.