ചേരൂർ റോഡ് നാട്ടുകാർ ഉപരോധിച്ചു
1261894
Tuesday, January 24, 2023 10:58 PM IST
കൊട്ടാരക്കര: തകർന്നു കിടക്കുന്ന തൃക്കണ്ണാമംഗൽ -ചേരൂർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാനാവശ്യപ്പെട്ട് നാട്ടുകാർ റോഡുപരോധിച്ചു. അഞ്ച് വർഷത്തിലധികമായി ഈ റോഡ് തകർന്നു കിടക്കുകയാണ്.
വാടകയ്ക്ക് ഓടുന്ന വാഹനങ്ങൾ ഇതുവഴിയുള്ള സഞ്ചാരം നിർത്തിവെച്ചിരുന്നു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ മുനിസിപ്പാലിറ്റിയെയും വാർഡ് കൗൺസിലറെയും സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഈ ഭാഗത്തുള്ളവർ വാർഡ് കൗൺസിലർക്ക് വോട്ട് ചെയ്തില്ല എന്ന കാരണം പറഞ്ഞാണ് റോഡു നിർമാണം നടത്താത്തതെന്ന് പ്രതിഷേധക്കാർ പറയുന്നു.
എം സി റോഡിൽ ഫെയ്ത് ഹോമിനടുത്തെത്തുന്ന ഈ റോഡ് ബൈപാസ് റോഡായി ഉപയോഗിക്കാവുന്നതാണ്. തൃക്കണ്ണാമംഗലിൽ നിന്ന് പുലമണിലെത്താൻ ഒന്നര കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ മതി. കൊട്ടാരക്കര ടൗൺ വഴി മൂന്നു കിലോമീറ്റർ സഞ്ചരിക്കേണ്ടി വരുമെന്ന് നാട്ടുകാർ പറയുന്നു.
ഉപരോധസമരത്തിന് സജി ചേരൂർ, കെ ജി റോയി, തങ്കച്ചൻ തുണ്ടുവിള, തങ്കച്ചൻ പണിക്കർ, ജോസ് ചേരൂർ, സുനിൽ ജോൺ, സാമുവൽ, രാജി, സൂസമ്മ, സിബി, മോനി, ലില്ലി തുടങ്ങിയവർ നേതൃത്വം നൽകി.