അനധികൃത ഖനനം: റൂറൽ ജില്ലയിൽ പോലീസ് വ്യാപക റെയ്ഡ്
1262224
Wednesday, January 25, 2023 11:27 PM IST
കൊട്ടാരക്കര: അനധികൃതമായി ഖനനം നടത്തി പാറ, മണ്ണ് എന്നിവ കടത്തുന്നതിനെതിരെ കൊല്ലം റൂറൽ ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിധികളിൽ വ്യാപക പരിശോധന.
ജില്ലാ പോലീസ് മേധാവി എം.എൽ സുനിലിന്റെ നിർദേശാനുസരണം സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡുകൾ നടത്തിയത്. 19 സ്റ്റേഷൻ പരിധികളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ പൂയപ്പള്ളി, എഴുകോൺ എന്നീ പോലീസ് സ്റ്റേഷനുകളിലായി മൂന്നു കേസുകൾ റജിസ്റ്റർ ചെയ്തു. പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വെളിനല്ലൂർ, പൊരിയക്കോട് അഖിൽ നിവാസിൽ അഖിൽ (22)നെ പാസുകളില്ലാതെ അനധികൃതമായി പാറ കയറ്റി കൊണ്ട് വന്നതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. വാഹനവും പിടിച്ചെടുത്തു.
എഴുകോൺ പോലീസ് സ്റ്റേഷനിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. എഴുകോൺ എസ്എച്ച്ഒ യുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട വിവിധ സ്ഥലങ്ങളിൽ നിന്നും അനധികൃതമായി ഖനനം ചെയ്ത് കടത്തികൊണ്ട് വന്ന പാറയും മണ്ണും കയറ്റിയ വാഹനങ്ങൾ പിടിച്ചെടുക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കരുനാഗപ്പള്ളി മരുതൂർകുളങ്ങര, കൊല്ലാശേരി വടക്കതിൽ നാദിർഷ(32 ), നെല്ലിക്കുന്നം ആരോമൽ ഭവനിൽ ആരോമൽ (37 ) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം റൂറൽ ജില്ലയുടെ വിവധ ഭാഗങ്ങളിലായി ശക്തമായ പരിശോധനയാണ് നടന്നത്. തുടർന്നുള്ള ദിവസങ്ങളിലും അനധികൃത ഭൂമി ഖനനത്തിനെതിരെ ശക്തമായ പരിശോധനയും നിയമ നടപടികളും ഉണ്ടാകുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.
റൂറൽ ജില്ലയിൽ നടന്നുവരുന്ന മണ്ണ് - പാറ ഖനനത്തിന് പോലീസ് സഹായം ലഭിക്കുന്നതായുള്ള മാധ്യമ വാർത്തകളെ തുടർന്നാണ് പരിശോധനകൾ നടന്നത്.