പുനലൂരിൽ തൊഴിൽ മേളയിൽ എത്തിയത് നൂറുകണക്കിന് ഉദ്യോഗാർഥികൾ
1263073
Sunday, January 29, 2023 10:35 PM IST
പുനലൂർ : കൊല്ലം കുടുംബശ്രീ ജില്ലാ മിഷന്റേയും നഗരസഭയുടെയും നേതൃത്വത്തിൽ നടത്തിയ തൊഴിൽ മേളയിൽ ഇൻസൈറ്റ് 2023 ൽ നൂറുകണക്കിന് ഉദ്യോഗാർഥികൾ എത്തി.
പുനലൂർ താലൂക്ക് സമാജം ഹയർ സെക്കൻഡറി സ്കൂളിലാണ് മേള സംഘടിപ്പിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചു. നഗരസഭ ആക്ടിങ് ചെയർമാൻ വി. പി.ഉണ്ണികൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അനസ്, ഡോ. ബി. നജീബ്, ജനപ്രതിനിധികൾ, പുനലൂർ താലൂക്ക് സമാജം ബോയ്സ് സ്കൂൾ മാനേജർ അശോക് വി. വിക്രമൻ, പ്രിൻസിപ്പൽ കെ. എം. റിയാസുദീൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
സിഡിഎസ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ പ്രസംഗിച്ചു. ഒപ്പം കാമ്പയിന്റെ ഭാഗമായ പരിപാടിയിൽ ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റി, അഞ്ചൽ, ചടയമംഗലം, പത്തനാപുരം, വെട്ടിക്കവല ബ്ലോക്കുകളിൽ നിന്നുള്ള നാലായിരത്തോളം ബിരുദാനന്തര ബിരുദം, പ്രഫഷണൽ വിദ്യാഭ്യാസയോഗ്യതയുള്ള 18 മുതൽ 40 വയസ് വരെയ ുള്ള ഉദ്യോഗാർഥികൾ പങ്കെടുത്തു.
ഫിനാൻസ്, സെയിൽസ്, ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ഓട്ടോമോട്ടീവ്, മെഡിക്കൽ,റീട്ടെയിൽ, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ നിന്ന് നിരവധി ഒഴിവുകളിലേക്കായി ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനായി നാൽപത്തിയേഴു കമ്പനികൾ തൊഴിൽ മേളയുടെ ഭാഗമായി. ജില്ലയിലും ജില്ലയ്ക്ക് പുറത്തുമായി 1400 ലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
സർക്കാരിന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായുള്ള സംവിധാനം ഉപയോഗിച്ചും വാർഡ് തലത്തിൽ കെ ഡിസ്ക് കമ്യൂണിറ്റി അംബാസഡർമാർ, കുടുംബശ്രീ പ്രവർത്തകർ, വാർഡ് കൗൺസിലേഴ്സ് എന്നിവർ വഴിയുമാണ് തൊഴിൽ മേളയെ കുറിച്ചുള്ള അവബോധം ഉദ്യോഗാർഥികളിലേക്ക് എത്തിച്ചത്. പങ്കെടുത്തതിൽ 366 പേരെ തെരഞ്ഞെടുക്കുകയും 1114 പേരെ ഷോട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു.