ഹൈറേഞ്ചിൽനിന്ന് ഉല്ലാസ് ശങ്കറും സിനിമയിൽ സജീവമാകുന്നു
1263075
Sunday, January 29, 2023 10:35 PM IST
ചെറുതോണി: ഹൈറേഞ്ചിൽനിന്നൊരു കലാകാരൻകൂടി സിനിമയിൽ സജീവമാകുന്നു. ’ഒരു കടന്നൽക്കഥ’ തിരശീലയിലെത്തുന്നതോടെ തന്റെ ജീവിതത്തിനൊരു വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണു ഉല്ലാസ് ശങ്കർ.
ഹൈറേഞ്ചിൽ ജനിച്ചുവളർന്നു സ്റ്റേജ് പ്രോഗ്രാം ഏജൻസിയായി രംഗത്തുവന്ന ഉല്ലാസ് ചെറിയ ഷോർട്ട് ഫിലിമുകളിലൂടെയാണു ബിഗ് സ്ക്രീനിലെത്തുന്നത്. ഒരേസമയം തമിഴിലും മലയാളത്തിലുമായി രണ്ടു സിനിമകളാണ് റീലീസിംഗിനായി ഒരുങ്ങിയിരിക്കുന്നത്. ഒരു കടന്നൽക്കഥ, അൻപരശിൻ കാതൽ എന്നീ ചിത്രങ്ങളാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.
ഒരു മുന്നറിയിപ്പ്, കടവുളൈ, കാണപ്പെടാത്ത മാലാഖമാർ, നേർവരയിൽ ഇമ്മിണി ചെരിഞ്ഞു, കൊച്ചാപ്പിടവർ കോട്ടയം, തലൈക്കുത്തൽ തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ഉല്ലാസിന്റെ പുതിയ ചിത്രം ഒരു കടന്നൽക്കഥ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രദീപ് വേലായുധനാണ്. ഇതിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉല്ലാസിനെക്കൂടാതെ പ്രധാന നടീനട·ാരും വേഷമിടുന്നു. സ്വന്തം ബാനറായ ദേവകന്യ പ്രൊഡക്ഷന്റെ ബാനറിൽ പുറത്തിറങ്ങുന്ന തമിഴ് ചിത്രമായ അൻപരശിൻ കാതൽ മൂന്നാർ, രാജാക്കാട്, പൂപ്പാറ എന്നിവിടങ്ങളിലും തമിഴ് ഗ്രാമങ്ങളായ തേനി, ബോഡിനായ്ക്കന്നൂർ എന്നിവിടങ്ങളിലുമാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രം മാർച്ചിൽ തിയറ്ററിലെത്തും.
കൊച്ചിൻ യൂണിവേഴ്സൽ എന്ന ഗാനമേള ട്രൂപ്പും ഉല്ലാസ് നടത്തുന്നുണ്ട്. കീരിത്തോട് സ്വദേശിനിയായ അന്പിളിയാണ് ഭാര്യ. മക്കൾ: ഗായത്രി, ശരണ്‍.