നവകേരളം കര്‍മ പദ്ധതി: ജില്ലാതല യോഗം
1264884
Saturday, February 4, 2023 11:10 PM IST
കൊല്ലം: നവകേരളം കര്‍മ പദ്ധതി രണ്ടിന്റെ ഭാഗമായ ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസം, ഹരിതകേരളം എന്നീ മിഷനുകളുടെ ജില്ലാതല യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ അധ്യക്ഷനായി. "നവകേരളം കര്‍മപദ്ധതി' വഴി വിഭാവനം ചെയ്ത കാര്യങ്ങള്‍ കൈവരിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, കൃഷി വ്യാപനം, ജലം -പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, അടിസ്ഥാന ആവശ്യങ്ങളും ജീവനോപാധിയും, ദുരന്തങ്ങളെ അതിജീവിക്കാനുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മുന്നേറ്റം ഉണ്ടാക്കിയും ഗുണമേന്മ ഉറപ്പാക്കിയും ജനപങ്കാളിത്തത്തോടെ നവകേരളം സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യം. അതത് മിഷന് കോ- ഓര്‍ഡിനേറ്റര്‍മാരും കൃഷി, മൈനര്‍ ഇറിഗേഷന്‍, തൊഴിലുറപ്പ്, ശുചിത്വമിഷന് എന്നീ വകുപ്പുകളിലെ മേധാവികളും അടുത്ത ആറുമാസത്തെ പ്രവര്‍ത്തന കലണ്ടര്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും ജില്ലാ കളക്ടര്‍ സെക്രട്ടറിയും നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറുമായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എഫ്. റോയ് കുമാര്‍, നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.