റെഡിമിക്സ് പ്ലാന്റിലെ അമിതഭാരം കയറ്റിയ ലോറികൾ അപകടഭീഷണിയാകുന്നു
1265188
Sunday, February 5, 2023 11:08 PM IST
അഞ്ചല്‍: ഏരൂർ ഗ്രാമപഞ്ചായത്തിലെ കിണറ്റ് മുക്ക് വാർഡിലെ വെള്ളച്ചാൽ വാർപ്പ്കുന്ന് ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന റെഡിമിക്സ് പ്ലാന്റിനെതിരെ നാട്ടുകാരുടെ പരാതി. പഞ്ചായത്ത് വക കോണ്‍ക്രീറ്റ് റോഡിലൂടെ 50 ടണ്ണില്‍ അധികം വരുന്ന ലോഡുമായി നിത്യേന പോകുന്നത് പതിനാറു വരെ ചക്രമുള്ള വലിയ വാഹനങ്ങള്‍.
വലിയ വാഹനങ്ങള്‍ രാത്രിയിലും ചെറിയ വാഹനങ്ങള്‍ പകല്‍ സമയങ്ങളിലും ആയി പോകുന്നതിനാല്‍ അധികമാരും ഇവ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ റോഡ് തകര്‍ച്ച വലിയ രീതിയില്‍ ആയതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ വലിയ വാഹനങ്ങള്‍ പെടുന്നത്.
വീതികുറവായ പഞ്ചായത്ത് റോഡിലൂടെ വലിയ വാഹനങ്ങള്‍ എത്തുമ്പോള്‍ വളവുകള്‍ തിരിഞ്ഞു കയറാതെ വരും. വീണ്ടും ലോറികള്‍ മുന്നോട്ടു എടുക്കാന്‍ ശ്രമിക്കുമ്പോള്‍ റോഡ് തകര്‍ച്ചക്ക് പുറമേ ഈ ഭാഗത്തെ വീടുകള്‍ക്ക് കൂടി സാരമായ കേടുപാടുകള്‍ സംഭവിക്കുകയാണ്. ഇതോടെ കഴിഞ്ഞ ദിവസം പ്ലാന്റില്‍ എത്തിയ വലിയ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. ഇത് പിന്നീട് തര്‍ക്കത്തിനും പോലീസ് കേസിലേക്കും നീങ്ങിയിരിക്കുകയാണ്.
റോഡ് തകര്‍ച്ചയില്‍ ആയതോടെ ചെറിയ വാഹനങ്ങള്‍ക്ക് ഇങ്ങോട്ടേക്കു എത്താന്‍ കഴിയുന്നില്ലെന്നും അത്യാഹിതങ്ങള്‍ ഉണ്ടയാൽപോലും പുറത്തെത്തിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് എന്നും നാട്ടുകാര്‍ പറയുന്നു. പ്ലാന്റില്‍ നിന്നുള്ള പൊടിപടലം മൂലം ശ്വാസ കോശ രോഗങ്ങള്‍ അടക്കം പിടിപ്പെടുന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ തന്നെ വലിയ ബുദ്ധിമുട്ടിലാണ് നാട്ടുകാര്‍.
വാര്‍ഡിലെ പൊതുപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപ്പെട്ട് ശക്തമായ നടപടികളിലേക്ക് പോവുകയാണ്. ഗ്രാമപഞ്ചായത്ത് അധികൃതര്‍ അടക്കമുള്ള അധികാരികള്‍ വിഷയത്തില്‍ അടിയന്തിര ഇടപെടീല്‍ നടത്തണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്ലാന്റിനെതിരെ നാട്ടുകാരും നാട്ടുകാര്‍ക്കെതിരെ പ്ലാന്റ് ഉടമകളും പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ഇരുവിഭാഗത്തേയും ചര്‍ച്ചയ്ക്ക വിളിച്ചുവെങ്കിലും പ്രശ്ന പരിഹാരം കണ്ടെത്താനായിട്ടില്ല.