രണ്ടാംകുറ്റിയിൽ തീപിടിത്തം: അഞ്ച് വാഹനങ്ങൾ കത്തിനശിച്ചു
1273897
Friday, March 3, 2023 10:56 PM IST
കൊല്ലം: രണ്ടാംകുറ്റി മുസ്ലിം പള്ളിക്ക് സമീപം ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് വാഹനങ്ങൾ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ഓട്ടോറിക്ഷ, ബുള്ളറ്റ്, സ്കൂട്ടറുകൾ, കാർ എന്നിവയാണ് കത്തി നശിച്ചത്. കാർ ഭാഗികമായും ഓട്ടോയും ബുള്ളറ്റും സ്കൂട്ടറും പൂർണമായും കത്തിനശിച്ചു.
കടപ്പാക്കടയിൽ നിന്ന് നാല് യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ കെടുത്തിയത്. രണ്ടാംകുറ്റി പള്ളിയിൽ പ്രാർഥിക്കാൻ എത്തിയവരുടെ വാഹങ്ങളാണ് കത്തി നശിച്ചത്. ആളപായമൊന്നും ഉണ്ടായിട്ടില്ല.
ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിനാണ് ആദ്യം തീപിടിച്ചത്. ഓടിച്ചിരുന്നയാൾ വാഹനം നിർത്തി തീയണയ്ക്കാൻ ശ്രമിക്കവേ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലേക്ക് തീപടരുകയായിരുന്നു. തുടർന്ന് മറ്റു വാഹനങ്ങളിലേക്കും തീ ആളിപ്പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നൂറു കണക്കിന് വാഹനങ്ങളാണ് ഈ സമയം റോഡിൽ പാർക്ക് ചെയ്തിരുന്നത്. കൂടുതൽ വാഹനങ്ങൾക്ക് തീപിടിച്ചിരുന്നെങ്കിൽ വൻ അഗ്നിബാധ തന്നെ ഉണ്ടായാനേ.
ഓടിക്കൂടിയവരുടെ സമയോചിത ഇടപെടലാണ് തീപിടിത്തത്തിന്റെ തീവ്രത കുറച്ചത്. തീ പിടിയ്ക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. എങ്കിലും ബുള്ളറ്റിലെ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുള്ളറ്റിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പറയപ്പെടുന്നെങ്കിലും സ്ഥിരീകരണമില്ല. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. 875000 രൂപയുടെ നഷ്ടം ഉണ്ടെന്ന് കണക്കാക്കുന്നതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.