കിഴക്കേ കല്ലടയിൽ കുടിവെള്ളക്ഷാമം രൂക്ഷം; പമ്പ് ഹൗസുകൾ തുരുമ്പ് കയറി നശിക്കുന്നു
1278729
Saturday, March 18, 2023 11:21 PM IST
കുണ്ടറ: കിഴക്കേ കല്ലടയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജനങ്ങൾ വിഷമത്തിലായി. അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്തത്ര വരൾച്ച കാരണം കിണറുകളിലെ വെള്ളം നിശേഷം നിലച്ചതും പമ്പ് ഹൗസുകൾ നോട്ട പിശക് മൂലം നശിച്ചതുമാണ് കുടിവെള്ള ക്ഷാമത്തിന് കാരണമായത്.
ദീർഘനാളത്തെ ജനങ്ങളുടെ ആവശ്യത്തിന്റെ ഫലമായി മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ലക്ഷങ്ങൾ ചെലവിട്ട് കിഴക്കേ കല്ലടയുടെ വിവിധ ഭാഗങ്ങളിൽ പമ്പ് സെറ്റുകൾ സ്ഥാപിച്ചിരുന്നു.
1984ൽ ചിറ്റുമല ചിറയുടെ കിഴക്കുഭാഗത്ത് നിർമ്മിച്ചതും കുറേക്കാലം പ്രവർത്തിച്ചുവന്നതുമായ പമ്പ് ഹൗസ് കൈകാര്യം ചെയ്തവരുടെ കെടുകാര്യസ്ഥത മൂലം തുരുമ്പ് കയറി കേടുപാടുകൾ സംഭവിച്ച് നശിക്കുകയായിരുന്നു.
പരിസരപ്രദേശങ്ങളിലെ പമ്പ് ഹൗസുകളുടെയും സ്ഥിതി വിഭിന്നമല്ല. മൈനർ ഇറിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഈ പ്രദേശങ്ങളിൽ ജലക്ഷാമത്തിന് കാരണമായി കാണുന്നത്.
കിഴക്കേകല്ലടയിലെ വയൽ മേഖലയിലെ നിരവധി കൈതോടുകളാണ് നിശേഷം നികത്തി സ്വകാര്യ വ്യക്തികൾ കൈയേറുകയോ പൊതുവഴികളാക്കുകയോ ചെയ്തിട്ടുള്ളത്. പരിച്ചേരി പാലത്തിന് പടിഞ്ഞാറോട്ട് ഒഴുകി കല്ലടയാറ്റിൽ ചെന്ന് പതിച്ചിരുന്ന തോട് കൈയേറി റോഡ് ആക്കിയ വിവരം ഇവസംരക്ഷിക്കേണ്ട വകുപ്പ് അധികൃതർ അറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. കടുത്ത വേനലിൽ പോലും ചുറ്റുമല ചിറയിൽ നിന്നും വെള്ളം തോടുവഴി ഒഴുകിയിരുന്ന തിനാൽ പരിസരത്തെ കിണറുകളിൽ വെള്ളം എത്തുമായിരുന്നു. കൃഷി കാര്യങ്ങൾക്കും സുലഭമായി വെള്ളം ഉപയോഗിക്കുന്ന സ്ഥിതി യുണ്ടായിരുന്നു . തോട് നികത്തി കൈയേറി റോഡാക്കിയതോടെ പരിസരങ്ങളിൽ രൂക്ഷമായ വരൾച്ച ബാധിക്കുകയായിരുന്നു. ഇത്തരം കരത്തോടുകൾ പല പ്രദേശങ്ങളിലും നികത്തി ചുരുക്കി ഓട പോലാക്കി മാറ്റിയിട്ടുമുണ്ട്.
വിവിധ പേരുകളിൽ സ്ഥാപിതമായിട്ടുള്ള ജലവിതരണ പദ്ധതികൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ കാരണങ്ങൾ കണ്ടെത്തി നിത്യജീവിതത്തിൽ അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് കിഴക്കേക്കല്ലട മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലട അധികൃതരോട് ആവശ്യപ്പെട്ടു.