പട്ടാപകൽ കടയിൽ മോഷണം നടത്തിയ പ്രതി മണിക്കുറുകൾക്കകം പിടിയിൽ
1279435
Monday, March 20, 2023 11:11 PM IST
കൊല്ലം: ചെരുപ്പ് കടയിൽ നിന്നും പട്ടാപകൽ മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ. കുണ്ടറ ചെറുമൂട് ഇടക്കര ജയന്തി കോളനിയിൽ ഷാനവാസ്(56) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം കാവനാടുള്ള ചെരുപ്പുക്കടയിൽ കയറി കടയുടമ ഇല്ലാതിരുന്ന തക്കം നോക്കി മേശയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു. പണം നഷ്ടമായതായി മനസിലാക്കിയ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സ്ഥിരം മോഷ്ടാവായ പ്രതിയെ തിരിച്ചറിഞ്ഞ് കുണ്ടറയിലുള്ള ഇയാളുടെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾ നിരവധി തവണ മോഷണകേസുകളിൽ പിടിയിലായിട്ടുണ്ട്.
ശാസ്ത്രീയ തെളിവുകളുടെ അടസ്ഥാനത്തിൽ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ പ്രതിയുടെ ഭാര്യയും മക്കളുമടങ്ങിയ സംഘം തടയുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇവരുടെ ആക്രമണത്തിൽ പോലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
പോലീസിന്റെ ജോലി തടസപെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും കുണ്ട റ പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു വർഗീസിന്റെ മേൽനോട്ടത്തിൽ എസ്ഐ മാരായ ആശാ.ഐ.വി, സുധർശനൻ, ഡാർവിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.