വിദ്യാഭ്യാസ-ആരോഗ്യ-കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്കി ഏരൂര്‍ പഞ്ചായത്ത് ബജറ്റ്
1279713
Tuesday, March 21, 2023 10:55 PM IST
അഞ്ചല്‍: ഗ്രാമപഞ്ചായത്തിന്റെ സമഗ്ര പുരോഗതിയും വികസനവും ലക്ഷ്യമിട്ട് കൊണ്ടും, വിദ്യാഭ്യാസ ആരോഗ്യ കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റാണ് ഏരൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷത്തിലേക്ക് അവതരിപ്പിച്ചത്. 39 കോടി 73 ലക്ഷത്തി എണ്ണായിരത്തി ഇരുനൂറു രൂപ വരവും 38 കോടി 29 ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി ഇരുനൂറു രൂപ ചെലവും 86 ലക്ഷത്തി പതിനാറായിരത്തി അഞ്ഞൂറ്റിമുപ്പത്തി എട്ട് രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമപഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷകൂടിയായ വൈസ് പ്രസിഡന്റ് ചിന്നു വിനോദാണ് അവതരിപ്പിച്ചത്.
ജനകീയാസൂത്രണ പദ്ധതി നടത്തിപ്പുകള്‍ക്കായി 12.19 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ ലൈഫ് പദ്ധതിയിലൂടെയുള്ള വീട് നിര്‍മാണം അടക്കമുള്ളവയ്ക്ക് രണ്ടു കോടി രൂപയും പഞ്ചായത്തിലെ പുതിയ റോഡുകള്‍, റോഡുകളുടെ അറ്റകുറ്റപണികള്‍ എന്നിവയ്ക്ക് നാലുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കൊണ്ട് നൂതനമായ പദ്ധതികള്‍ ബജറ്റ് വിഭാവനം ചെയ്യുന്നു. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി പഞ്ചായത്തിലെ എല്ലാ എല്‍പി സ്കൂളുകളിലും ഒരു ക്ലാസ് റൂം ആധുനിക രീതിയില്‍ ഹൈട്ടെക്ക് ആക്കും.
കാർഷിക മേഖലയിൽ നൂതന പദ്ധതികളായ പുഷ്പ കൃഷി, തേൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് തേൻ ഗ്രാമം പദ്ധതിയും, തൊഴിൽ സംരംഭ സഹയത്തിന്റെ ഭാഗമായി നെട്ടയം ഖാദി ബോർഡിന്റെ പുനരുദ്ധാരണം, മ്യഗാശുപത്രി വികസനം, കാർഷിക വിഭവങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കുക, പൂർണമായ മാലിന്യനിർമാർജനതിന്റെ മാതൃകയായ മാലിന്യ മുക്ത ഏരൂർ പദ്ധതിയുടെ പാത പിന്തുടർന്ന് എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം അടക്കമുള്ള പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 11 ലക്ഷം രൂപയും, ക്ഷീര വികസനത്തിന് 24 ലക്ഷം രൂപയും മൃഗസംരക്ഷണ വിഭാഗത്തില്‍ പശുവളര്‍ത്തല്‍ 48 ലക്ഷം, ആടുവളര്‍ത്തല്‍ 16.75 ലക്ഷം, എരുമ വളര്‍ത്തല്‍ 18.75 ലക്ഷം എന്നിങ്ങനെയാണ് പ്രധാന പദ്ധതികള്‍.
കൂടാതെ കോഴി താറാവ്, മൃഗസംരക്ഷണ രോഗ നിയന്ത്രണം എന്നിവയ്ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയില്‍ മരുന്നുകള്‍ വാങ്ങി നല്കാന് 32 ലക്ഷവും മറ്റ് ആരോഗ്യപദ്ധതികള്ക്കായി 20 ലക്ഷം വകയിരുത്തിയിട്ടുണ്ട്. കുടിവെള്ളത്തിനും ശുചിത്വത്തിനും 46.44 ലക്ഷം രൂപ വീതവും, തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി 30.20 ലക്ഷവും തൊഴിലുറപ്പ് പദ്ധതിക്കായി 12 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സേവന മേഖലയ്ക്ക് 14 കോടി 59 ലക്ഷത്തി 64 ആയിരത്തി 200 രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.