പാരിപ്പള്ളിയെ നടുക്കിയ ദുരന്തം; ക്രൂരതയിൽ ഞെട്ടിത്തരിച്ച് നാട്
1336573
Monday, September 18, 2023 11:43 PM IST
ചാത്തന്നൂർ: പാരിപ്പള്ളിയെ ഞെട്ടിത്തരിപ്പിച്ച ദുരന്തമാണ് മലയാളമാസം കന്നി ഒന്ന് നാടിന് സമ്മാനിച്ചത്. പതിവു പോലെ ഒമ്പതായപ്പോൾ കടകമ്പോളങ്ങൾ തുറന്ന് സജീവമാകാൻ തുടങ്ങുകയായിരുന്നു. ഈ സമയമാണ് പാരിപ്പള്ളി - പരവൂർ റോഡിൽ പാരിപ്പള്ളി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിൽ നിന്നും നിലവിളിയും പുകയും ഉയർന്നത്. ഓടിയെത്തിയവർക്ക് മുന്നിലൂടെ ഊരിപ്പിടിച്ച കത്തിയുമായി സ്വയം കഴുത്തറുത്ത റഹീം ഓടുകയായിരുന്നു. റോഡിൽ ചോര തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു. പ്രധാന റോഡിൽ നിന്നും ഇടവഴിയിലേയ്ക്ക് കടന്ന റഹീം ആദ്യം കണ്ട വീട്ടുമുറ്റത്തെ കിണറ്റിലേയ്ക്ക് ചാടി.
അക്ഷയ കേന്ദ്രം തുറന്ന് പ്രവർത്തനം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ജീവനക്കാരിൽ ചിലർ മാത്രമേ അപ്പോൾ എത്തിയിട്ടുണ്ടായിരുന്നുള്ളൂ. മഴ ചാറി നില്ക്കുമ്പോൾ റഹീം ഒരു സ്കൂട്ടറിലാണ് അക്ഷയയുടെ മുന്നിലെത്തിയത്. ഏതെങ്കിലും ഉപഭോക്താവ് ആയിരിക്കുമെന്നേ മറ്റുള്ളവർ കരുതിയുള്ളൂ. നേരെ നദീറയ്ക്കരികിലെത്തിയ റഹീം കൈയിൽ കരുതിയിരുന്ന പെട്രോൾ നദീറയുടെ ദേഹത്തേയ്ക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തിയ ശേഷം സ്വയം കഴുത്തറുത്തിട്ട് പുറത്തേയ്ക്ക് ഓടുകയും ചെയ്തു.
റഹിമിന്റെ ഭാര്യയായ നദീറ കർണാടകയിലെ കുടക് സ്വദേശിനിയാണ്. പള്ളിക്കലായിരുന്നു ഇവരുടെ താമസം. അടുത്ത കാലത്തായി കിഴക്കനേല കെട്ടിടം മുക്കിൽ വാടക വീട്ടിലാണ്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു റഹീം എന്ന് പറയുന്നു. ഇവർക്ക് പത്തും എട്ടും വയസുള്ള രണ്ട് കുട്ടികളുണ്ട്.
നദീറ ചാത്തന്നൂരിലെ അക്ഷയ കേന്ദ്രത്തിലാണ് രണ്ടുമാസംമുമ്പുവരെ ജോലി ചെയ്തിരുന്നത്. പിന്നീടാണ് പാരിപ്പള്ളി അക്ഷയ കേന്ദ്രത്തിലേയ്ക്ക് മാറിയത്. മിക്ക ദിവസവും റഹിം നദീറയെ ക്രൂരമായി മർദിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രത്യേകിച്ച് ജോലിയ്ക്കൊന്നും പോകാറില്ലായിരുന്നു റഹീം. നദീറയുടെ വരുമാനമായിരുന്നു ജീവിത മാർഗം. നാട്ടുകാരുടെ സഹായവും നദീറയുടെ കുടുംബത്തിന് ലഭിച്ചിരുന്നു.
റഹീം സംശയ രോഗിയായിരുന്നെന്നും ഇതാണ് ക്രൂരമായ മർദനത്തിന് കാരണമെന്നുമാണ് അയൽവാസികൾ പറയുന്നത്.
മർദനം സഹിക്കാനാവാതെ നദീറ പള്ളിക്കൽ പോലീസിന് പരാതി നല്കിയിരുന്നു. പള്ളിക്കൽ പോലീസ് വധശ്രമത്തിന് കേസെടുത്ത് റഹീമിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. റിമാൻഡിലായിരുന്ന റഹിം മൂന്ന് ദിവസം മുമ്പാണ് ജയിൽ മോചിതനായത്. നദീറയോടുള്ള പകയോ സംശയ രോഗമോ ആകാം ഈ കൊടും ക്രൂരതയ്ക്ക് ഇയാളെ പ്രേരിപ്പിച്ചിട്ടുള്ളത്.
എട്ടും പൊട്ടും തിരിയാത്ത രണ്ട് കുഞ്ഞുങ്ങൾ ശരിക്കും അനാഥത്വത്തിന്റെ വഴിയിലായി. പാരിപ്പള്ളിക്കാർ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു ദിവസമാണ് പുതിയ മലയാള മാസത്തിന്റെ തുടക്കത്തിൽ സംഭവിച്ചത്.