ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ ഗ്രാമവണ്ടി സർവീസ് തുടങ്ങും
1337350
Friday, September 22, 2023 12:58 AM IST
ചാത്തന്നൂർ: കെ എസ് ആർടിസിയുടെ പദ്ധതിയായ ഗ്രാമവണ്ടി സർവീസ് ചാത്തന്നൂർ പഞ്ചായത്തിൽ ആരംഭിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച്, അവർ നിർദ്ദേശിക്കുന്ന കൂട്ടുകളിലൂടെ സർവീസ് നടത്തുന്ന പദ്ധതിയാണ് ഗ്രാമവണ്ടി.
ഇതിന്റെ ഡീസൽ ചിലവ് തദ്ദേശ സ്വയം ഭരണ സ്ഥാപനം വഹിക്കണം എന്നതാണ് വ്യവസ്ഥ .ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ ഗ്രാമവണ്ടിയുടെ ഉദ്ഘാടനം24ന് വൈകുന്നേരം അഞ്ചിന് ചാത്തന്നൂർ ഡിപ്പോയിൽ മന്ത്രി ആന്റണി രാജു നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു പറഞ്ഞു.
ഗ്രാമ പഞ്ചായത്തിന് ഈ ബസ് സർവീസ് നടത്താൻ പ്രതിമാസം ഒന്നേകാൽ ലക്ഷത്തോളം രൂപ വിനിയോഗിക്കേണ്ടിവരും. എങ്കിലുംഗ്രാമീണ മേഖലയിലെ യാത്രാ ക്ലേശത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ചാത്തന്നൂർ ഡിപ്പോയിൽ നിന്നാരംഭിക്കുന്ന ഗ്രാമ വണ്ടി പ്രധാനമായും കൊട്ടിയം, കല്ലുവാതുക്കൽ നടയ്ക്കൽ, നെടുങ്ങാലം ഗവ. രാമറാവു ആശുപത്രി എന്നിവിടങ്ങളിലേയ്ക്കാണ് സർവീസ് നടത്തുന്നത്.
പഞ്ചായത്തിനുള്ളിലെ പ്രധാന ജംഗ്ഷനുകളായ ഇടനാട്, കോഷ്ണക്കാവ്, കുമ്മല്ലൂർ, കോതേരി, മീനാട് പാലം, മീനാട് പാലമുക്ക് തുടങ്ങിയ പ്രധാന കവലകൾ ബന്ധിപ്പിച്ചാണ് സർവീസ് .