കൊട്ടാരക്കര:നെടുവത്തൂർ പൊങ്ങൻപാറ ടൂറിസം പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തിയില്ല. പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു.
തൊട്ടടുത്തുള്ള പൊങ്ങൻപാറ മഹാദേവർ ക്ഷേത്രത്തിന്റെ വിശുദ്ധിയെ ബാധിക്കും വിധത്തിൽ സാമൂഹിക വിരുദ്ധശല്യം വർധിക്കുന്നതായാണ് പരാതികൾ. വലിയ പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതി ഉപേക്ഷിച്ചതോടെ ഇവിടുത്തെ സൗന്ദര്യക്കാഴ്ചകകളും കാണികൾക്ക് അപ്രാപ്യമായി.
2014-ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏറ്റെടുത്താണ് പൊങ്ങൻപാറയിൽ വികസന പദ്ധതികൾക്ക് രൂപം നൽകിയത്. 49 ലക്ഷം അടങ്കൽ കണക്കാക്കിയിരുന്ന പദ്ധതിയിൽ ഇരുപത്തിനാലര ലക്ഷം രൂപയുടെ നിർമാണം നടത്തിയിരുന്നു. സഞ്ചാരികൾക്ക് പാറക്കെട്ടിന് മുകളിലേക്ക് നടന്നുകയറാനായി മുകളിൽ വരെ പടികൾ, കൈവരി എന്നിവ നിർമിച്ചു.
ടോയ് ലറ്റുകളും വിശ്രമകേന്ദ്രവുമൊരുക്കി. അതോടെ നിർമാണം നിലച്ചു. ഇവയൊക്കെ ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും താവളമാണ്. കൊല്ലത്തെ ടൂറിസം ഹബാക്കി മാറ്റുന്ന ടൂറിസം സർക്യൂട്ട് പദ്ധതിയ്ക്ക് കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 25 കോടി രൂപ നീക്കിവച്ചിരുന്നു.
ചടയമംഗലം ജടായുപാറ, കുളത്തൂപ്പുഴ സഞ്ജീവനി വനം, കൊട്ടാരക്കര മീൻപിടിപ്പാറ, ഇടമുളയ്ക്കൽ പഞ്ചായത്തിലെ മലമേൽപാറ, മുട്ടറ മരുതിമല, തെന്മല ഇക്കോ ടൂറിസം പദ്ധതി, ശെന്തുരുണി വന്യജീവി സങ്കേതം എന്നീ മലയോരക്കാഴ്ചകളും അഷ്ടമുടിക്കായലും മൺറോത്തുരുത്തും ചേരുന്ന ജലാശയക്കാഴ്ചകളും ചേരുന്നതാണ് ടൂറിസം സർക്യൂട്ട്. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ മണ്ഡലത്തിലായിട്ടും ഈ പദ്ധതിയിൽ പൊങ്ങൻപാറ ടൂറിസം പദ്ധതിയെ ഉൾപ്പെടുത്തിയില്ല.
ടൂറിസം വകുപ്പ് കൈയൊഴിഞ്ഞ പദ്ധതിയാണെങ്കിലും നെടുവത്തൂർ ഗ്രാമപഞ്ചായത്തിന് ഇവിടം ഉപയോഗപ്പെടുത്താവുന്നതാണ്.
റോഡ്, കവാടം, കുഴൽക്കിണർ, സൗരോർജ വിളക്കുകൾ, ഇരിപ്പിടങ്ങൾ, പൂന്തോട്ടങ്ങൾ, കളിക്കോപ്പുകൾ, വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണശാല എന്നിവയൊക്കെ സജ്ജമാക്കിയാൽ ഇവിടേക്ക് സായന്തനങ്ങൾ ചെലവഴിക്കാനടക്കം ആളുകളെത്തും.
പഞ്ചായത്തിന് നല്ല വരുമാനവും ലഭിക്കും. തുടർ പ്രവർത്തനങ്ങൾ പഞ്ചായത്ത് ഏറ്റെടുക്കണമെന്നുകാട്ടി ടൂറിസം വകുപ്പ് കത്ത് നൽകിയിട്ടുമുണ്ട്. പഞ്ചായത്തിന് നേരിട്ട് നടപ്പാക്കാൻ താത്പര്യമില്ലെങ്കിൽ സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാവുന്നതുമാണ്.