പുനലൂർ: കെഎസ്ആർടിസി കടുത്ത പ്രതിസന്ധി നേരിടുമ്പോൾ ഗുരുതരമായ ചട്ടലംഘനം നടത്തി കോർപറേഷനെ കബളിപ്പിച്ച ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തു.
അച്ചടക്ക ലംഘനം ,സ്വഭാവദൂഷ്യം , അനധികൃതമായി ഡ്യൂട്ടി രേഖപ്പെടുത്തി അധികശമ്പളം കൈപ്പറ്റി തുടങ്ങി ക്രമവിരുദ്ധമായ നടപടികളിലും ഏർപ്പെട്ടതായി വിജിലൻസ് വിഭാഗം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ആര്യങ്കാവ് കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ പുനലൂർ സ്വദേശി എ.മഹേഷ്കുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡു ചെയ്തത്. കോർപറേഷനെ ബോധപൂർവം കബളിപ്പിയ്ക്കുകയായിരുന്നു മഹേഷ്കുമാറെന്ന് വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ കണ്ടെത്തിയിട്ടുണ്ട്. പരസ്പരം ഡ്യൂട്ടികൾ കൈമാറി അനധികൃതമായി ഹാജർ രേഖപ്പെടുത്തി അധികശമ്പളവും കൈപ്പറ്റി.ക്രമവിരുദ്ധമായ ചട്ടലംഘനങ്ങളെത്തുടർന്നാണ് നടപടിയെടുത്തത്. സോഷ്യൽ മീഡിയയിലൂടെ ജനപ്രതിനിധികളെയും മാധ്യമ പ്രവർത്തകരെയും ആക്ഷേപിച്ചതിനെതിരെയും ഇയാൾക്കെതിരെ പരാതിയുണ്ട്.