കൊ ട്ടാരക്കരയിൽ എൽഡിഎഫ് പ്രചാരണം തുടങ്ങി
1395990
Tuesday, February 27, 2024 11:35 PM IST
കൊട്ടാരക്കര: തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചില്ലെങ്കിലും കൊട്ടാരക്കരയിൽ എൽഡിഎഫ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി അഡ്വ. സി .എ അരുൺകുമാറിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായാണ് എൽഡിഎഫ് കളത്തിലിറങ്ങിയത്. അരുൺകുമാറിന്റെ സ്ഥാനാർഥിത്വം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് പ്രവർത്തകർ രംഗത്തിറങ്ങിയത്.
ഒറ്റ രാത്രി കൊണ്ടു തന്നെ സ്ഥാനാർഥിയുടെ ചിഹ്നവും ചിത്രവുമടങ്ങിയ പോസ്റ്ററുകൾ നഗരത്തിലെമ്പാടും പ്രത്യക്ഷപ്പെട്ടു. ഗ്രാമീണ മേഖലയിൽ പലയിടത്തും ചുവരെഴുത്തുകളും നടന്നു. ഇന്നലെ വൈകുന്നേരം ഇടതുപക്ഷ യുവജന സംഘടന കൾ നഗരത്തിൽ വിളംബര ജാഥ നടത്തി.
കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ സി പി എമ്മിന്റേയും സിപിഐ യുടെയും ഏരിയ - മണ്ഡലം കമ്മിറ്റികൾ നാളെ ചേരും. ഇതോടൊപ്പം ഇരു പാർട്ടികളുടെയും ലോക്കൽ കമ്മിറ്റികളും ബ്രാഞ്ചുകമ്മിറ്റികളും ചേരുന്നുണ്ട്. തുടർന്ന് ഘടകകക്ഷികളെല്ലാം പങ്കെടുക്കുന്ന എൽഡിഎഫ് നിയോജക മണ്ഡലം യോഗവും ചേരും. അഞ്ച് ദിവസത്തിനകം ഇവയെല്ലാം പൂർത്തിയാക്കാനാണ് തീരുമാനം.
സ്ഥാനാർഥി നിർണയം നേരത്തെയായതിനാൽ ഒരു മുഴം മുമ്പേ എറിയുകയാണ് എൽ ഡി എഫ്.
സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും സിറ്റിംഗ് എംപിയായ കൊടിക്കുന്നിൽ സുരേഷ് തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാർഥി. കൊടിക്കുന്നിലിനായി യുഡിഎഫ് ക്യാമ്പുകളും സജീവമായിട്ടുണ്ട്. ബിജെപി സ്ഥാനാർഥിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.