കത്തികുത്തിൽ പരിക്കേറ്റ ആള് മരിച്ചു
1396180
Wednesday, February 28, 2024 10:46 PM IST
അഞ്ചല്‍: അഞ്ചല്‍ കുരുവിക്കോണത്ത് കഴിഞ്ഞ ദിവസം ഉണ്ടായ കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. നെടിയറ കോയിപ്പാട്ട് പുത്തന്‍വീട്ടില്‍ ഭാസി (60) യാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.
കുരുവിക്കോണം സര്‍ക്കാര്‍ മദ്യ വില്പന ശാലയുള്‍പ്പെടുന്ന കെട്ടിടത്തിന്റെ സെക്യൂരിറ്റിയാണ് കൊല്ലപ്പെട്ട ഭാസി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭാസിയും കേസിലെ പ്രതിയായ ബാലചന്ദ്ര പണിക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.
ഇതിനെ തുടര്‍ന്ന് ഭാസിയുടെ മകനും സുഹൃത്തും എത്തി ബാലചന്ദ്ര പണിക്കരെ മര്‍ദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തെ തുടര്‍ന്ന് രാത്രിയോടെ വീണ്ടും എത്തുകയും കുരുവിക്കോണം മദ്യ വില്പന ശാലയുടെ താഴെ പ്രവര്‍ത്തിക്കുന്ന സിമന്റ് ഗോഡൗണില്‍ ഉണ്ടായിരുന്ന ഭാസിയേയും മകന് മനോജിനേയും സുഹൃത്തായ വിഷ്ണുവിനേയും കുത്തുകയായിരുന്നു.
ബഹളത്തിനിടെ ബാലചന്ദ്ര പണിക്കര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ പോലീസ് നിരീക്ഷണത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തേറ്റു പരിക്ക് സംഭവിച്ച മൂവരെയും അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചയോടെ ഭാസി മരണമടഞ്ഞു. അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാബു, എസ്ഐ പ്രജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.