പിണറായി സര്‍ക്കാര്‍ തുടര്‍ന്നാല്‍ പെന്‍ഷന്‍കാര്‍ പിച്ചച്ചട്ടി എടുക്കേണ്ടിവരും: വി.മുരളീധരന്
1396486
Thursday, February 29, 2024 11:26 PM IST
കൊല്ലം: കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ പെന്‍ഷന്‍കാര്‍ പിച്ചച്ചട്ടി എടുക്കേണ്ടിവരുമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരന്. കേരളസ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിതകാലം മുഴുവന്‍ പൊതുജന സേവനത്തിന് വിനിയോഗിച്ച സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും സമാനതകളില്ലാത്ത വഞ്ചന നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. മുന്‍പൊരിക്കലും ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടായിട്ടില്ല.
സാമ്പത്തിക മിസ്മാനേജ്മെന്റും ധൂര്‍ത്തും സംസ്ഥാന ഖജാനാവിനെ കാലിയാക്കി. കഴിവില്ലായ്മ മറച്ചുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരുകയാണ് മന്ത്രി കെ.എന്‍. ബാലഗോപാല്‍.
രാജ്യത്ത് ഏറ്റവും കടബാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് 15-ാം ധനകാര്യകമ്മീഷന് കണ്ടെത്തിയിരുന്നു. എന്നിട്ടും കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കടമെടുക്കുന്നത് പെന്‍ഷന്‍കാര്‍ക്കു നൽകാനോ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടിയല്ല, പകരം ധൂര്‍ത്ത് നടത്താനാണ്.
തനതു വരുമാനം കൂട്ടുന്നതില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പെന്ഷന് മുടങ്ങിയത് കേന്ദ്രവിഹിതം ലഭിക്കാത്തതിനാലാണെന്ന് പറയുന്ന മുഖ്യമന്ത്രി, പെന്‍ഷനു ലഭിക്കുന്ന കേന്ദ്രവിഹിതം കുറവാണെന്നും പറയുന്നു. കേരളത്തില്‍ വന്‍ തോതിലാണ് നികുതി പിരിക്കാനുള്ളത്. വന്‍കിടക്കാരില്‍ നിന്ന് നികുതി പിരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഇവരില്‍ നിന്നെല്ലാം മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘ് സംസ്ഥാന പ്രസിഡന്റ് എം.കെ. സദാനന്ദന് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്മാന് മേജര്‍ ജനറല്‍ (റിട്ട.) ഡോ. സി.എസ്. നായര്‍, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍, പെന്‍ഷനേഴ്സ് സംഘ് ജനറല്‍ സെക്രട്ടറി സി. സുരേഷ്കുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഗോപിനാഥ് പാമ്പട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു.