സഭാംഗങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം: മാര്‍ പെരുന്തോട്ടം
1415610
Wednesday, April 10, 2024 11:37 PM IST
ചങ്ങനാശേരി: മുന്‍കാലങ്ങളേക്കാള്‍ എല്ലാ മേഖലകളിലും ജാഗ്രത അനിവാര്യമായ കാലഘട്ടത്തിലാണ് സഭാംഗങ്ങള്‍ ജീവിക്കുന്നതെന്നും നിലവിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ നിരന്തരം വീക്ഷിക്കുകയും നിതാന്ത ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
അതിരൂപത പിആര്‍ ജാഗ്രതാ സമിതിയുടെ 25 വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ മഹനീയമാണെന്നും അതിരൂപതയ്ക്ക് എല്ലാക്കാലത്തും അഭിമാനകരമാണെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു. കേരളസഭയില്‍ ആദ്യമായി രൂപംകൊണ്ട ഔദ്യോഗിക പഠനപ്രതികരണവേദിയായ ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാസമിതിയുടെ രജതജൂബിലി അതിരൂപത കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയതു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
അതിരൂപത വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍ വികാരി ജനറാള്‍ ഫാ. ജോസ് പി. കൊട്ടാരം സമിതിയുടെ ആരംഭകാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചു. കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളി വികാരി ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം “ആധുനിക കാലഘട്ടത്തില്‍ സഭ ജാഗ്രത പുലര്‍ത്തേണ്ട മേഖലകള്‍’’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
ജാഗ്രതാസമിതി ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍, അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, മുന്‍ പിആര്‍ഒ ജെ.സി. മാടപ്പാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, ജാഗ്രതാസമിതി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് മൂന്നുപറയില്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പിആര്‍ ഓഫീസര്‍മാര്‍, ജാഗ്രതാസമിതിയുടെ ആദ്യകാലം മുതല്‍ ഇപ്പോള്‍ വരെയുള്ള അംഗങ്ങള്‍, സംഘടനാ പ്രതിനിധികള്‍, ഫൊറോന കൗണ്‍സില്‍ സെക്രട്ടറിമാര്‍, ഫൊറോനാ ജാഗ്രതാസമിതി കണ്‍വീനര്‍മാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ജൂബിലി വര്‍ഷത്തില്‍ സമിതി വിവിധ കര്‍മപരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്ന വിവരം ഡയറക്ടര്‍ യോഗത്തെ അറിയിച്ചു.