സുരക്ഷയൊ രുക്കാതെ കുഴിയെടുപ്പ്; അപകടങ്ങൾ തുടർക്കഥയാകുന്നു
1416034
Friday, April 12, 2024 10:49 PM IST
കൊട്ടിയം: വേണ്ടത്ര സുരക്ഷയൊരുക്കാതെ ദേശീയപാത നിർമാണത്തിനായി വലിയ കുഴികൾ എടുത്തിട്ടിരിക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നു.
കൊട്ടിയം ഇഎസ്ഐ ജംഗ്ഷനിൽ ഇത്തരത്തിലെടുത്ത കുഴിയിലേക്ക് ഒരു ലോറി വീണു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.ലോറിയിലുണ്ടായിരുന്നവർ നിസാര പരിക്കുകളാടെ രക്ഷപെട്ടു.ദേശീയപാത പുനർനിർമാണം ആരംഭിച്ച ശേഷം മൂന്നു ജീവനുകളാണ് ഈ മേഖലയിൽ പൊലിഞ്ഞത്.
റോഡ് കുഴിച്ചിട്ടിരിക്കുന്നത് രാത്രി കാലങ്ങളിൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടത്തക്ക രീതിയിലുള്ള യാതൊരു സംവിധാനവും റോഡ് നിർമാണം നടക്കുന്ന ഒരിടത്തും ഒരുക്കിയിട്ടില്ല.കൊട്ടിയംമുതൽ പറക്കുളം വരെ നിരവധിയിടങ്ങളിൽ കുഴിയെടുത്തിട്ടിട്ടുണ്ട്.
വാഹനങ്ങളുടെ കാറ്റടിച്ചാൽ നിലംപതിക്കത്തക്ക രീതിയിലുള്ള ചെറിയ പൈപ്പുകളാണ് പലയിടത്തും സുരക്ഷക്കായിസ്ഥാപിച്ചിട്ടുള്ളത്. ആവശ്യമായ റിഫ്ളക്ടിംഗ് സംവിധാനം ഇല്ലാത്തതിനാലാണ് അപകടങ്ങൾ തുടർകഥയാകാൻ കാരണമാക്കുന്നത്.
വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലെടുത്ത കുഴികൾ മൂടാത്ത അവസ്ഥയുമുണ്ട്. ആവശ്യമായ സുരക്ഷാ സംവിധാനം ഇല്ലാതെ റോഡ് നിർമാണം നടത്തുന്നതായി ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഫെബ്രുവരി 24 ന് കൊട്ടിയം പൗര വേദി പ്രസിഡന്റ് അഡ്വ.കൊട്ടിയം അജിത് കുമാർ ലീഗൽ സർവീസ് അഥോറിറ്റിയ്ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞമാർച്ച് എട്ടിന് അഥോറിറ്റി സെക്രട്ടറി അപകടകെണിയായ കൊട്ടിയത്തെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് നിലവിലെ സ്ഥിതി വിലയിരുത്തിയിരുന്നു.
അപകടങ്ങൾ ഒഴിവാക്കുന്നതിനായുള്ളഎല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി കരാർ കമ്പനി അധികൃതർ ലീഗൽ സർവീസ് അഥോറിറ്റിയെ അറിയിച്ചിരുന്നു. കൊട്ടിയം ജംഗ്ഷനിലെ മേൽപ്പാലത്തിനുള്ള റോഡിന് ഭിത്തി നിർമിക്കുന്നതിനായാണ് കൊട്ടിയംമുതൽ പറക്കുളം വരെ കുഴിയെടുത്തിട്ടുള്ളത്.
ബൈക്ക് യാത്രക്കാർ ഇവിടെ കുഴിയിൽ വീഴുന്നതും പതിവായിട്ടുണ്ട്.അപകടങ്ങളിൽപ്പെട്ട് ജീവനുകൾ പൊലിയാതിരിക്കുവാൻ അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് റൈസിംഗ് കൊട്ടിയം ഭാരവാഹികളായ സന്തോഷ് പുല്ലാങ്കുഴി, റോയൽ സമീർ, കൊട്ടിയം പൗരവേദി പ്രസിഡൻ്റ് അഡ്വ.കൊട്ടിയം അജിത് കുമാർ എന്നിവർ ആവശ്യപ്പെട്ടു.
മഴക്കാലത്തിന് മുമ്പ് നിർമാണ പ്രവർത്തനങ്ങൾക്കായി എടുത്തിട്ടുള്ള കുഴികൾ മൂടണമെന്ന ആവശ്യമാണ് ഉയരുന്നത്.