വെള്ളക്കെട്ട്: കൊല്ലം റെയിൽവേ സ്റ്റേഷനിലെത്താൻ പെടാപ്പാട്
1425062
Sunday, May 26, 2024 7:16 AM IST
കൊല്ലം: വെള്ളക്കട്ട് കാരണം കൊല്ലം റെയിൽവേ സ്റ്റേഷനിലേയ്ക്ക് കയറാൻ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നു.മഴ മാനത്ത് കണ്ടു കഴിഞ്ഞാൽ കൊല്ലം റെയിൽവേ സ്റ്റേഷനിലെ ചിന്നക്കടയ്ക്ക് സമീപമുള്ള രണ്ടാമത്തെ എൻട്രൻസിൽ ആർക്കും കയറാൻ പറ്റാത്ത വിധം വെള്ളം കയറി വഴികൾ മൊത്തം അടയുന്ന സ്ഥിതിയാണ്. വെള്ളത്തിൽ മുങ്ങിവേണം ആളുകൾക്ക് അതുവഴി സ്റ്റേഷനിലെ പ്ലാറ്റുഫോമുകളിലേക്ക് കടന്നു പോകുവാൻ.
കവാടം തുടങ്ങുന്ന സ്ഥലം മുതൽ ട്രാക്കുകൾക്ക് മധ്യേ വരെ വെള്ളം കെട്ടിക്കിടക്കുന്നു. യാത്രക്കാർ ആരോ വെള്ളക്കെട്ടിൽ ചില കല്ലുകൾ എടുത്തിട്ട് വെള്ളത്തിന്റെ മുകളിലൂടെ പോകാൻ ശ്രമിച്ചെങ്കിലും പലരും കല്ലിൽ തട്ടി താഴെ വീഴുന്ന ഒരു അവസ്ഥയും ഉണ്ട്.
കഴിഞ്ഞ ദിവസം മുതൽ ചില ജീവനക്കാർ യാത്രക്കാരെ സഹായിക്കാൻ വഴികളിൽ പലയിടത്തും മണ്ണ് നിറച്ച ചാക്കുകൾ നിരത്തി വച്ചിട്ടുണ്ട്. ഇതാണ് ഇപ്പോഴത്തെ ഏക ആശ്വാസം. ഒന്നാം പ്രവേശന കവാടത്തിലേയ്ക്ക് കയറുന്ന വഴിയിലും പുറത്തേയ്ക്ക് പോകുന്ന വഴിയിലും വെള്ളക്കെട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിലെ വിവിധ ഭാഗങ്ങളിൽ നവീകരണത്തിന്റെ കൺസ്ട്രക്ഷൻ വർക്ക് നടക്കുന്നതിനാൽ തന്നെ നേരത്തെ റെയിൽവേ സ്റ്റേഷനിലേക്കുണ്ടായിരുന്ന വഴികൾ മിക്കതും അടഞ്ഞ നിലയിലാണ്. ഇതുകാരണം, പലർക്കും സമയത്തിന് തീവണ്ടി കിട്ടാത്ത അവസ്ഥയും ഉണ്ട്.
റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാർക്ക് സുഗമമായി കയറി വരാൻ തക്കവണ്ണമുള്ള ക്രമീകരണം റെയിൽവേ എത്രയും വേഗം ഒരുക്കി കൊടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മഴയത്ത് പ്ലാറ്റ്ഫോമുകളുടെ അവസ്ഥയും പരിതാപകരമാണ്. പ്രധാന പ്ലാറ്റ്ഫോമുകളിൽ ഭൂരിഭാഗം സ്ഥലത്തും മേൽക്കൂരകൾ ചോർന്നൊലിക്കുന്നു. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിൽ മിക്കയിടത്തും വെള്ളം കെട്ടിക്കിടക്കുന്നു. പ്രധാന ഓഫീസുകൾക്ക് മുന്നിൽ പോലും വെള്ളം നിറഞ്ഞ് നിൽക്കുന്നു. യാത്രക്കാർ വെള്ളത്തിൽ തെന്നി വീണ് അപകടം സംഭവിക്കാനും സാധ്യതയുണ്ട്.