ജല അഥോറിറ്റിയിലെ പ്രതിസന്ധി: കരാറുകാർ പ്രക്ഷോഭത്തിന്
1425065
Sunday, May 26, 2024 7:16 AM IST
കൊല്ലം: ജല അഥോറിറ്റിയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണം എന്നാവശ്യപ്പെട്ട് കരാറുകാർ പ്രക്ഷോഭം ആരംഭിക്കുന്നു.
അറ്റകുറ്റപ്പണികളുടെയും ജലജീവൻ പദ്ധതിയുടെയും നടത്തിപ്പിലാണ് ഗുരുതര പ്രതിസന്ധിയുള്ളത്. ഇത് പരിഹരിക്കാൻ സർക്കാരുകൾ ഇടപെടണം എന്ന ആവശ്യവുമായി കരാറുകാർ 29-ന് അക്കൗണ്ടന്റ് ജനറൽ ഓഫിസിലേയ്ക്കും സെക്രട്ടേറിയറ്റിലേയ്ക്കും മാർച്ചും ധർണയും നടത്തും.
സമയബന്ധിതമായി അറ്റകുറ്റ പണികളും നവീകരണവും നടത്താത്തതിനാൽ പെപ്പ് പൊട്ടലും ജല നഷ്ടവും തുടർക്കഥയാകുകയാണ്.അറ്റകുറ്റപ്പണികൾ നടത്തിയ കരാറുകാർക്ക് 19 മാസത്തെ തുക കുടിശിഖയാണ്. അടങ്കൽ തുക പുതുക്കാത്തതിനാലും അപ്രായോഗിക നടപടിക്രമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനാലും പുതിയ ടെൻഡറുകൾ ഇപ്പോൾ കരാറുകാർ ഏറ്റെടുക്കുന്നുമില്ല.
ജലജീവൻ മിഷൻ പദ്ധതി നടത്തിപ്പിൽ കേരളം മൂന്നാം സ്ഥാനത്താണ്. ഒരു വർഷം കൂടി ഈ പദ്ധതിയുടെ കാലാവധി നീട്ടണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ കേന്ദ്രം ഇതുവരെ അനുകൂല തീരുമാനവും എടുത്തിട്ടില്ല.
എന്നാൽ 2024 മാർച്ച് 15 -ന് ശേഷം വിളിക്കുന്ന ടെൻഡറുകളൊന്നും ജലജീവൻ മിഷനിൽ ഉൾപ്പെടില്ലന്നും പദ്ധതി കാലയളവിനുള്ളിൽ പൂർത്തിയാക്കിയ പ്രവർത്തികൾക്ക് മാത്രമേ കേന്ദ്ര വിഹിതമായ 50 ശതമാനം നൽകുകയുള്ളൂവെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
ഈ വർഷം ഏപ്രിൽ ഒന്നു വരെ കേന്ദ്ര സർക്കാർ 4635.64 കോടിയും സംസ്ഥാനം 4376.68 കോടിയും മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ഈ സാമ്പത്തിക വർഷം കേന്ദ്ര സർക്കാർ 292 കോടി രൂപ കൂടി അനുവദിച്ചിട്ടുമുണ്ട്.
പക്ഷേ ഇനി 35522.3 കോടി രൂപ കൂടി ലഭിച്ചാൽ മാതമേ പദ്ധതി പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. എന്നാൽ സംസ്ഥാന സർക്കാർ പുതിയ ബജറ്റിൽ 550 കോടി രൂപ മാത്രമേ വകയിരുത്തിയിട്ടുള്ളൂവെന്നും കരാറുകാർ ചൂണ്ടിക്കാട്ടുന്നു.
പദ്ധതിയുടെ കാലാവധി കുറഞ്ഞത് മൂന്ന് വർഷം കൂടി ദീർഘിപ്പിക്കേണ്ടതുണ്ട്. സംസ്ഥാന വിഹിതമായി 1700 കോടി രൂപ കൂടി കണ്ടെത്തുകയും വേണം. എങ്കിൽ മാത്രമേ പദ്ധതി പൂർത്തിയാക്കാൻ കഴിയുകയുള്ളൂവെന്നും കരാറുകാർ പറയുന്നു.ഇത്രയും തുക വായ്പയായി നൽകുകയോ അല്ലെങ്കിൽ കടമെടുക്കാനോ അനുമതി നൽകുകയോ വേണം.കേന്ദ്ര സർക്കാർ നിലവിൽ അനുവദിച്ച 292 കോടി രൂപ വിതരണം ചെയ്താലും കുറഞ്ഞത് 3000 കോടി രൂപയെങ്കിലും കരാറുകാർക്ക് കുടിശികയാണ്. പണം ലഭിക്കാത്തതിനാൽ പല കരാറുകാരും പണികൾ ഉപേക്ഷിച്ച് തുടങ്ങി. പൊട്ടിപ്പൊളിച്ച റോഡുകൾ ഗതാഗത യോഗ്യമാക്കാൻ പോലും കരാറുകാർക്ക് കഴിയാത്ത അവസ്ഥയുണ്ട്.
ഓവർ ഹെഡ് ടാങ്കുകൾ, ട്രീറ്റ്മെൻ്റ് പ്ലാന്റുകൾ തുടങ്ങിയവയുടെ നിർമാണമാണ് ഇനി നടക്കാനുള്ള പ്രധാന ജോലികൾ. ഇവ സ്ഥാപിച്ചില്ലങ്കിൽ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾ വെറുതെയാകും. മാത്രമല്ല റോഡുകൾ പലതും തോടുകൾക്ക് സമാനമാകുന്ന ദുർഗതിയും ഉണ്ടാകും.
വാട്ടർ ചാർജിൽ നിന്ന് അറ്റകുറ്റ പണികൾക്കുള്ള പണം യഥാസമയം നൽകുക, വിപണി നിരക്കിൽ ടെൻഡറുകൾ വിളിക്കുക, ജലജീവൻ പദ്ധതിക്ക് പണം കണ്ടെത്തി യഥാസമയം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കരാറുകാർ സമര രംഗത്തുള്ളത്. പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലങ്കിൽ ജൂൺ ഒന്നുമുതൽ പണികൾ നിർത്തി വയ്ക്കാനാണ് വാട്ടർ അഥോറിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ തീരുമാനം.