‘ഓണമ്പലം മുതൽ ചിറ്റുമല വരെ റോ ഡരികിൽ മുറിച്ചിട്ടിരിക്കുന്ന തടിനീക്കം ചെയ്യണം’
1425158
Sunday, May 26, 2024 9:59 PM IST
കുണ്ടറ : കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ ഓണമ്പലം മുതൽ ചിറ്റുമല ജംഗ്ക്ഷൻ വരെ കൊല്ലം - തേനി ദേശീയ പാതയുടെ അരികിൽ മുറിച്ചിട്ടിരിക്കുന്ന വൻ തടികൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ .ജി .ലാലിയും വൈസ് പ്രസിഡന്റ് രാജു ലോറൻസും ആവശ്യപ്പെട്ടു.
യാത്രക്കാർക്കും ഗതാഗതത്തിനും തടസമുണ്ടാക്കുന്ന രീതിയിലാണ് മരങ്ങൾ മുറിച്ചിട്ടിരിക്കുന്നത്. ജീർണിച്ച് അപകടാവസ്ഥയിൽ ആയ പൈൻ, ആൽമരം,മാവ് തുടങ്ങിയ വലിയ ഒൻപത് മരങ്ങൾ മുറിച്ച് ആറ് മാസമായി ഹൈവേയുടെ ഇരു ഭാഗങ്ങളിലും ഇട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രക്കാരന് കൂട്ടി ഇട്ടിരിക്കുന്ന മരക്കഷണങ്ങളിൽ തട്ടി അപകടം ഉണ്ടായി. അത്ഭുതകരമായാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. പല ദിവസങ്ങളിലും ഇത്തരത്തിലുള്ള അപകടങ്ങൾ പതിവായിരിക്കുകയാണ്.
ഓണമ്പലം മുതൽ ചിറ്റുമല വരെ ഏഴ് സ്ഥലങ്ങളിലാണ് മരങ്ങൾ മുറിച്ച് റോഡ് അരികിൽ വലിയ ഉയരത്തിൽ അടുക്കിയിരിക്കുന്നത്. വേഗത്തിൽ എത്തുന്ന വാഹനങ്ങളിൽ നിന്ന് ഒഴിഞ്ഞ് രക്ഷപ്പെടാൻ മാർഗമില്ലാത്ത തരത്തിലാണ് മരങ്ങൾ ഇവിടെ അടുക്കിയിരിക്കുന്നത്.
മഴക്കാലം ആരംഭിച്ചതോടുകൂടി മുറിച്ചിട്ടമരക്കൂമ്പാരങ്ങൾക്ക് ചുറ്റും കാട് കയറി ഇഴ ജന്തുക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട് . മഴ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതു മൂലം ഈ പ്രദേശം ചെളിക്കുണ്ടായി മാറുകയും ചെയ്തിരിക്കുന്നു. കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് കമ്മിറ്റി മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ അടിയന്തിരമായിനീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഹൈവേ അഥോറിറ്റിക്ക് കത്ത് നൽകുകയും ചെയ്തു.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. ലാലിയും വൈസ് പ്രസിഡന്റ് രാജു ലോറൻസും ദേശീയപാത വിഭാഗം കൊല്ലം ഓഫീസിൽ എത്തി മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ നീക്കം ചെയ്യണമെന്ന് ആവ ശ്യപ്പെട്ടിട്ടും നടപടി ആയിട്ടില്ല. റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മരങ്ങൾ നീക്കം ചെയ്യാൻ കോൺട്രാക്ടറെ ഏൽപിച്ചിട്ടുണ്ടെന്നാണ് ചുമതല പെട്ടവർ പറയുന്നത്. പകടം ഉണ്ടാകുന്ന തരത്തിൽ കൂട്ടിയിട്ടിരിക്കുന്ന തടികൾ ഇനിയും എടുത്തു മാറ്റിയില്ലെങ്കിൾ ദേശീയ പാത വിഭാഗം കൊല്ലം ഡിവിഷൻ ഓഫീസ് ഉപരോധിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.