ശാസ്താംകോ ട്ടയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം കാര്യക്ഷമമായി നടന്നില്ലെന്ന് പരാതി
1425160
Sunday, May 26, 2024 9:59 PM IST
കൊല്ലം: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൽ കാര്യക്ഷമമായി നടന്നില്ലെന്ന് പരാതി.
ഗ്രാമ പഞ്ചായത്ത് ഓഫീസിന് വിളിപ്പാടകലെ മുൻപ് കെഎസ്ആർടിസി ഡിപ്പോയും ഇപ്പോൾ ചന്തയും പ്രവർത്തിക്കുന്ന സ്ഥലത്ത് അടക്കം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുന്നു കൂടി കിടക്കുകയാണ്. സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കാൻ സാധ്യത വരുത്തുന്ന ചന്തയിൽ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ കുന്ന് കൂടി കിടക്കുന്നത്.
മാത്രവുമല്ല ശാസ്താംകോട്ട ഗവ.താലൂക്ക് ആശുപത്രിയിൽ കെട്ടിടം പണി നടക്കുന്നതിനാൽ ആശുപത്രിയുടെ ഫിസിയോ തെറാപ്പി സെന്റർ പ്രവർത്തിക്കുന്നത് ഇവിടെയാണ്.
ഇതിന്റെ മുൻ വശം ഉൾപ്പെടെയുള്ള സ്ഥലത്താണ് മാലിന്യങ്ങൾ കുന്നു കൂടി കിടക്കുന്നത്. ദിനംപ്രതി നൂറ് കണക്കിന് ആളുകൾ എത്തുന്ന സ്ഥലമാണിത്. പഞ്ചായത്ത് അധികാരികളോടും പഞ്ചായത്തിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലും ജനപ്രതിനിധികൾ അടക്കമുള്ളവർ മാലിന്യം നീക്കം ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടി മാത്രം ഉണ്ടായില്ലന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ് പറയുന്നു.