ചിത്രപ്രദർശനത്തിന് തുടക്കമായി
1425423
Monday, May 27, 2024 11:54 PM IST
കൊല്ലം : ഹാർമണി ഓഫ് സോൾസ് ചിത്ര പ്രദർശനം കൊല്ലം പബ്ളിക് ലൈബ്രററി കാമ്പസിലുള്ള ക്വയിലോൺ ആർട്ട് ഗാലറിയിൽ ആരംഭിച്ചു. ചിത്രകാരനും ആർഎൽ വി കോളജ് മുൻ മേധാവിയുമായ സിദ്ധാർഥന്റേയും ചിത്രകാരി സന്ധ്യാംബികയുടേയും 51 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അന്തരിച്ച കെ.രവീന്ദ്രനാഥൻ നായരുടെ സ്വപ്നമായിരുന്നു അന്തർദേശീയ നിലവാരമുള്ള ആർട്ട് ഗാലറി കൊല്ലത്ത് സ്ഥാപിക്കണമെന്നുള്ളത്. 2017 -ൽ ഇതിന്റെ ഉദ്ഘാടനം നടന്നെങ്കിലും പിന്നീട് പ്രവർത്തനരഹിതമായി അടഞ്ഞുകിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മക്കളായ പ്രതാപ് ജി. നായരും പ്രകാശ് ജി. നായരും താല്പര്യമെടുത്താണ് ഇപ്പോഴത്തെ പ്രദർശനത്തോടെ ഗാലറി പുനർ ഉദ്ഘാടനം ചെയ്തത് . 40 വർഷമായി കലാരംഗത്ത് പ്രവർത്തിക്കുന്ന സിദ്ധാർഥൻ ന്യൂയോർക്ക് പൊള്ളോക്ക് ഫൗണ്ടേഷൻ ഫെല്ലോഷിപ്, ലളിതകലാ അക്കാദമി സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മണ്ണും മനുഷ്യനും നേരിടുന്ന പ്രതിസന്ധികളാണ് സിദ്ധാർഥന്റെ മിക്കവാറും ചിത്രങ്ങളുടെ പ്രമേയം. പരിസ്ഥിതിയുടെ രാഷ്ടീയമാണ് ചിത്രങ്ങളിൽ നിന്ന് വായിക്കാൻ കഴിയുന്നത്. മാജിക്കൽ നേച്ചർ, സോൾ ഓഫ് എർത്ത് എന്നീ ചിത്രങ്ങൾ ശ്രദ്ധേയമാണ് .
പ്രകൃതിയുടെ നിഗൂഢ സൗന്ദര്യാത്മകതയുടെ സ്ത്രീകാഴ്ച്ചകളാണ് സന്ധ്യാംബികയുടെ ചിത്രങ്ങൾ. പ്രദർശനം ജൂൺ ഒന്നിന് സമാപിക്കും.രാവിലെ 11 മുതൽ രാത്രി ഏഴുവരെ പ്രദർശനം കാണാം.