മഴക്കാല പൂർവ ശുചീകരണം അവതാളത്തിൽ; ജനങ്ങൾ പകർച്ചവ്യാധി ഭീതിയിൽ
1425678
Tuesday, May 28, 2024 11:38 PM IST
ചാത്തന്നൂർ: മഴക്കാല പൂർവ ശുചീകരണത്തിൽ അനാസ്ഥ മൂലം പകർച്ചവ്യാധികളുടെ ഭീതിയിലാണ് ജനങ്ങൾ.വലിയൊരു വരൾച്ചക്കു ശേഷം തകർത്തു പെയ്യുന്ന വേനൽ മഴയും, ആരംഭിക്കാനിരിക്കുന്ന കാലവർഷവും പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും കേരളമാകെ മഴക്കാല രോഗങ്ങൾ, മറ്റു ജലജന്യ രോഗങ്ങൾ, പ്രാണികൾ പരത്തുന്ന മറ്റു രോഗങ്ങൾ തുടങ്ങിയവയുടെ പിടിയിലാണ്. ഇതിനെതിരെ ഒരു നടപടികളും സ്വീകരിക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും മറ്റു സംവിധാനങ്ങളും.
ഈ വർഷം ഇതുവരെയാതൊരുവിധ ശുചീകരണ പ്രവർത്തനങ്ങളോ ജാഗ്രതാ നിർദേശങ്ങളോ എത്തിയിട്ടില്ല. റോഡുകളും തോടുകളും കാനകളും മറ്റു തണ്ണീർ തടങ്ങളും ഒന്നും തന്നെ മഴക്കാല പൂർവ ശുചീകരണത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നു മാത്രമല്ല മാലിന്യ കൂമ്പാരങ്ങൾ നിറഞ്ഞ നിരത്തുകളും പൊതു വഴികളും മാലിന്യമുക്തമാക്കാനുളള നടപടികൾ സ്വീകരിച്ചതുമില്ല. തൽഫലമായി മഴവെള്ളവുമായി കൂട്ടിച്ചേർന്ന് മാലിന്യങ്ങൾ അഴുകിച്ചേർന്ന് രോഗാണുക്കളുടെ വ്യാപനവും, ദൂർഗന്ധവും വമിക്കുന്ന അവസ്ഥയിലാണ്.
മഴക്കാല രോഗങ്ങളായ പനി, ചുമ , ജലദോഷം, കോളറ, മഞ്ഞപിത്തം മലിനജല രോഗങ്ങളായ എലിപ്പനി, കൊതുക്, ഈച്ച തുടങ്ങിയ പ്രാണികളിലൂടെ പകരുന്ന ഡങ്കി, മലേറിയ, ചിക്കൻ ഗുനിയ തുടങ്ങിയ രോഗങ്ങളുടെ ഭീതിയിൽ ജനങ്ങൾ വലയുമ്പോൾ സർക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും അനാസ്ഥ വളരെ ആശങ്കാജനകമാണ്.
ഹരിത കർമ സേനകളിലൂടെ യൂസർ ഫീ ഈടാക്കി വാതിൽപ്പടി ശേഖരണം നടത്തി സംഭരിക്കുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക് വേസ്റ്റുകളും മറ്റ് പലതും പൊതുനിരത്തുകളിൽ കൂട്ടിയിട്ടിരിക്കുന്നു എന്ന പരാതിയും നിലനിൽക്കുന്നു. സ്കൂളുകൾ തുറക്കാനിരിക്കെ സ്കൂളുകളും പരിസര പ്രദേശങ്ങളും ശുചീകരിച്ചും ഈ മഴക്കാല രോഗങ്ങളിൽ നിന്നും രക്ഷപെടുന്നതിനുള്ള മാർഗങ്ങൾ അടിയന്തിരമായി സ്വീകരിക്കണമെന്നും കേരളാ സ്റ്റേറ്റ് ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസ്ോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലുവാതുക്കൽ അജയകുമാർ ആവശ്യപ്പെട്ടു.