തെന്മല ഇക്കോ ടൂറിസം മ്യൂസിക്കല്‍ ഫൗണ്ടന് നവീകരണം; ട്രയല്‍ റണ്‍ വിജയകരം
1454678
Friday, September 20, 2024 6:09 AM IST
തെന്മല: തെന്മല ഇക്കോ ടൂറിസത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. മ്യൂസിക്കല്‍ ഫൗണ്ടന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തില്‍. 1.82 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ മ്യൂസിക്കല്‍ ഫൗണ്ടന്റെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നത്. നവീകരണ പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്താനുള്ള ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം നടന്നു.
അരമണിക്കൂർ നീണ്ട ട്രയല്‍റണ്‍ വിജയകരമായിരുന്നുവെന്ന് ഇക്കോടൂറിസം അധികൃതര്‍ വ്യക്തമാക്കി. ഒന്നരമാസത്തിനുള്ളില്‍ അവസാനഘട്ട പ്രവര്‍ത്തികള്‍ കൂടി പൂര്‍ത്തീകരിച്ച് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥർ.
സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇക്കോ ടൂറിസത്തിന്റെ വികസനത്തിനായി പുത്തന്‍ പദ്ധതി പ്രഖ്യാപിച്ചത്. തുടക്ക സമയത്ത് ഉണ്ടായിരുന്ന മ്യൂസിക്കല്‍ ഫൗണ്ടന്റെ പ്രവര്‍ത്തനം പൂര്‍ണമായും പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ളതായി മാറുന്നതോടെ വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കുമെന്ന പ്രതീഷയാണ് ടൂറിസം അധികൃതര്‍ക്കുള്ളത്.
പദ്ധതിയുടെ ഭാഗമായി സഞ്ചാരികൾക്ക് ഷോ കാണുന്നതിനുള്ള ഗാലറിയുടെ വൃത്തിയാക്കൽ, കവാടം, വാട്ടർ കർട്ടൻ എന്നിവയുടെ പ്രവര്‍ത്തികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.