ശാസ്താംകോണം കുടിവെള്ള പദ്ധതി : ദേവസ്വം ഭൂമിക്ക് വാടക ഒഴിവാക്കാന്‍ ധാരണയായില്ല
1458596
Thursday, October 3, 2024 4:20 AM IST
പുനലൂര്‍: നഗരസഭയിലെ ശാസ്താംകോണത്ത് കുടിവെള്ള പദ്ധതിക്കായി ബൂസ്റ്റര്‍ ടാങ്ക് നിര്‍മിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിട്ടുനല്‍കിയ ഭൂമിക്ക് വാടക ഒഴിവാക്കി നല്കാന് ധാരണയായില്ല.
നടപടി നീണ്ടാല്‍ പദ്ധതി അനിശ്ചിതമായി വൈകുമെന്ന സാഹചര്യത്തില്‍ പകരം സംവിധാനം ഒരുക്കുന്നതിന് ആലോചിക്കുകയാണ് അധികൃതര്‍.
ഭൂമി വിട്ടുനല്‍കാന്‍ 2022 ഡിസംബറിലാണ് ദേവസ്വംബോര്‍ഡ് തീരുമാനിച്ചത്. പി.എസ്. സുപാല്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു നടപടി. തൃക്കോതേശ്വരം ശിവക്ഷേത്രത്തിനു (ശിവന് കോവില്‍) സമീപത്ത് കല്ലടയാറിനോട് ചേര്‍ന്ന് 2.50 സെന്റ് ഭൂമി ഉപയോഗിക്കാനായിരുന്നു അനുമതി. പ്രതിമാസം 1,875 രൂപ വാടക നിശ്ചയിച്ചാണ് സ്ഥലം അനുവദിച്ചത്.
എന്നാല്‍ വാടക ഒഴിവാക്കിയോ കുറച്ചോ ഭൂമി നഗരസഭക്ക് വിട്ടുനല്കണമെന്നഭ്യര്ഥിച്ച് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജാ പ്രസാദ് ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പക്ഷേ രണ്ടുവര്ഷത്തോളമായിട്ടും അന്തിമ തീരുമാനമായില്ല.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണഭോക്താക്കള്‍ ദേവസ്വം ബോര്‍ഡിന് വാടക നല്‍കുന്നത് പ്രായോഗികമല്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജാ പ്രസാദ് ചൂണ്ടിക്കാട്ടുന്നു. ഭൂമി നഗരസഭയ്ക്ക് വിട്ടുകിട്ടിയാലേ വാടക നല്‍കുന്നതിനുള്ള സാധ്യത ആലോചിക്കാനാവൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കുന്നുംപുറത്തെ പ്രധാന സംഭരണിയുടെ നിര്‍മാണം അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. 15 മീറ്റര്‍ ഉയരവും 30,000 ലിറ്റര്‍ സംഭരണശേഷിയുള്ളതാണ് ഈ സംഭരണി. എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച 30 ലക്ഷം ചെലവഴിച്ചാണ് പ്രധാന സംഭരണി നിര്‍മിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഭൂമി സംബന്ധിച്ച് തീരുമാനമായാലേ 40 ലക്ഷം രൂച ചെലവഴിച്ച് ബൂസ്റ്റര്‍ ടാങ്ക് കൂടി സ്ഥാപിക്കാനാവൂ.
കല്ലടയാറ്റില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് ശിവന്‍കോവില്‍ കടവിലെ ബൂസ്റ്റര്‍ ടാങ്കില്‍ എത്തിക്കുകയും ഇവിടെ നിന്ന് വീണ്ടും പമ്പ് ചെയ്ത് ശാസ്താംകോണം കുന്നുപുറത്തെ പ്രധാന സംഭരണിയിൽ എത്തിച്ചാണ് വിതരണം ചെയ്യുന്നത്.
2020-2021 സാമ്പത്തിക വര്‍ഷത്തില്‍, പുനലൂര്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന കെ. രാജു ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 30 ലക്ഷവും നഗരസഭയുടെ വിഹിതമായ 40 ലക്ഷവും ചേര്‍ത്ത് 70 ലക്ഷം അടങ്കലിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി യാഥാര്‍ഥ്യമായാല്‍ നഗരസഭയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ ശാസ്താംകോണത്ത് 150-ഓളം കുടുംബങ്ങള്‍ അനുഭവിച്ചുവരുന്ന കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കപ്പെടും.