കൊലക്കേസ് പ്രതി 42 കിലോ കഞ്ചാവുമായി പിടിയിൽ
1459283
Sunday, October 6, 2024 5:30 AM IST
കൊല്ലം: കൊലക്കേസ് പ്രതി 42കിലോ കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായി. പേരയം കാഞ്ഞിരോട് കോടിയിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ച് വരുന്ന ഹാലി ഹരിസൺ(41 ) ആണ് 42.060 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കൊലപാതകം ഉൾപ്പടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. അന്യസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് എത്തിച്ച് ചില്ലറ വില്പന നടത്തിവരുന്ന റാക്കറ്റിലെ പ്രധാനിയാണ് അറസ്റ്റിലായ ഹാലി ഹരിസൺ.
എക്സൈസ് സംഘം കുറേനാളായി എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചുവരികയായിരുന്നു. ഇയാളുടെ വാടക വീടിന് സമീപത്തുനിന്ന് സ്കൂട്ടറിൽ വില്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതിനെ തുടർന്ന് വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാക്കുകളിലാക്കിയ നിലയിൽ വൻ തോതിലുള്ള കഞ്ചാവ് ശേഖരം കണ്ടെടുത്തത്.
കൊല്ലം എക്സൈസ് സംഘം സമീപകാലത്ത് നടത്തിയ വൻ കഞ്ചാവ് വേട്ടയാണിത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ദിലീപ്, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, അനീഷ്, ജോജോ, ബാലു എസ്.സുന്ദർ, സൂരജ്,വനിതാ സിവിൽ എക്സൈസ് ഓഫിസർ വർഷ വിവേക്, ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.