മുക്കുപണ്ടത്തിൽ 916 മുദ്ര പതിപ്പിച്ച് തട്ടിപ്പ്: ഒരാളെ കൂടി പോലീസ് പിടികൂടി
1459295
Sunday, October 6, 2024 5:37 AM IST
കൊല്ലം: മുക്കു പണ്ടത്തിൽ 916 മുദ്ര പതിപ്പിച്ച് യഥാർഥ സ്വർണം എന്ന് കാട്ടി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാളെ കൂടി ഇരവിപുരം പോലീസ് പിടികൂടി.
കൊല്ലം വടക്കേ വിളയിൽ കോളേജ് നഗർ 112-ൽ അൽത്താഫ് മൻസിലിൽ അൽത്താഫാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന കൊട്ടിയം തഴുത്തലയിൽ നിന്നാണ് പിടിയിലായത്. മുക്കുപണ്ടത്തിന്റെ മുകളിൽ സ്വർണം പൂശി 916 മുദ്രയും പതിപ്പിച്ചാണ് സംഘം നിരവധി ധനകാര്യ സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തിയത്.
തട്ടിപ്പിനായി മുക്കുപണ്ടം ആവശ്യക്കാർക്ക് എത്തിച്ചു നൽകിയിരുന്നതും ഈ സംഘമാണ്.
സംഘത്തിലെ രണ്ട് സ്ത്രീകളേയും, മറ്റൊരു പ്രതിയായ സുധീഷിനേയും കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പിടികൂടിയിരുന്നു. അൽത്താഫിന്റെ പേരിൽ നാല് കേസുകളാണ് നിലവിൽ ഇരവിപുരം പോലീസ് സ്റ്റേഷനിലുള്ളത്.
സംഘത്തിൽ ഇനിയും ആളുകൾ ഉണ്ടോയെന്നും തട്ടിപ്പിനായി മുക്കുപണ്ടങ്ങൾ നിർമിച്ചു നൽകുന്ന ആളിനെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്.
ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജയേഷ്, സിപിഒ മാരായ സുമേഷ്, അനീഷ് എന്നിർ ചേർന്നാണ് പിടികൂടിയത്. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.