എ.പാച്ചൻ അവാർഡ് വി.ദിനകരന് മന്ത്രി ഒ.ആർ.കേളു സമ്മാനിക്കും
1460942
Monday, October 14, 2024 5:34 AM IST
കൊല്ലം: സ്വാതന്ത്ര്യ സമര സേനാനിയും മുതിർന്ന കോൺഗ്രസ് നേതാവും വിവിധ ദളിത് പ്രസ്ഥാനങ്ങളുടെ നേതാവുമായിരുന്ന എ. പാച്ചന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡിന് മുൻ എംഎൽഎയും ധീവരസഭ ജനറൽ സെക്രട്ടറിയുമായ വി. ദിനകരൻ അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ദളിത് പിന്നാക്ക ജനവിഭാഗങ്ങളുടെയും മത്സ്യതൊഴിലാളികളുടെയും അതിജീവന പോരാട്ടത്തിൽ വി.ദിനകരൻ ചെലുത്തിയ സ്വാധീനമാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയതെന്ന് എ. പാച്ചൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഡി. ചിദംബരൻ, ജനറൽ സെക്രട്ടറി എ.എ.അസീസ് എന്നിവർ അറിയിച്ചു.
23 ന് ഉച്ചകഴിഞ്ഞ് മൂന്നിന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് സമീപം ലാൽക്വില ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി ഒ.ആർ. കേളു അവാർഡ് സമ്മാനിക്കും.
ഡി. ചിദംബരന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി കെ. ഗോപിനാഥൻ മുഖ്യാതിഥിയാകും. സി.ആർ. മഹേഷ് എംഎൽഎ, കെഡിഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ,
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി, സിപിഐ ജില്ലാ അസി. സെക്രട്ടറി എം.എസ്. താര, മാധ്യമ പ്രവത്തകൻ എസ്. സുധീശൻ, ഡോ. കായംകുളം യൂനുസ്, രാജൻവെമ്പിളി, ഡോ. വിനീത വിജയൻ, കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ.എ. ജവാദ്, എ. പാച്ചൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എ.എ. അസീസ്, ബോബൻ. ജി. നാഥ് എന്നിവർ പ്രസംഗിക്കും.
ദലിത് നേതാവും എഴുത്തുകാരനുമായ രാമചന്ദ്രൻ മുല്ലശേരി, മാധ്യമ പ്രവത്തകൻ ആർ. അരുൺരാജ്, എം.എ. സമദ്, ടി. തങ്കച്ചൻ എന്നിവരെ സമ്മേളനത്തിൽ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.